ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടു: എഐ ക്യാമറ റൂമിന്റെ ഫ്യൂസൂരി കെഎസ്ഇബി

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെയാണ് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട് പോയത്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചെന്നുള്ള കാരണം പറഞ്ഞായിരുന്നു കെഎസ്ഇബിയുടെ നടപടി.

വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെ ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് 20,500 രൂപ പിഴയടക്കണമെന്ന് എഐ ക്യാമറ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ കാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ കൈനാട്ടി ജങ്ഷനിലെ കെട്ടിടത്തിന്റെ ഫ്യൂസാണ് ഊരിയിരിക്കുന്നത്. വയനാട് ജില്ലയിലെ എഐ ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്.

കെഎസ്ഇബി ഫ്യൂസ് ഊരിയതിന് പിന്നാലെ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് തുകയെടുത്ത് എംവിഡി വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചു. ഇതേത്തുടര്‍ന്ന് കെഎസ്ഇബി പിന്നീട് വൈദ്യുതി കണക്ഷന്‍ നല്‍കി. വാഹനത്തിന് പിഴ ഈടാക്കിയതിനെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കെഎസ്ഇബി കടന്നതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി വാഹനം തോട്ടിയുമായി എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് മോട്ടോര്‍ വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് പിഴയിട്ടത്

error: Content is protected !!