എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച (ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍. 2022 ല്‍ ഇറ്റലിയില്‍ നടന്ന ലോക ബ്രിജ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു ആര്‍. കൃഷ്ണന്‍. എച്ച്.സി.എല്‍ ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായ ചാമ്പ്യന്‍ഷിപ്പില്‍ നാല് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബി.പി.സി.എല്‍ എന്നിവരും പിന്തുണയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് സമ്മാനത്തുക കൂടാതെ, മത്സരത്തില്‍ വിജയിക്കുന്ന സ്വിസ് ടീമിന് എച്ച്.സി.എല്‍ റോളിങ് ട്രോഫി, സ്വിസ് പെയേഴ്‌സിന് സിന്തൈറ്റ് ട്രോഫി, മാച്ച് പോയിന്റ് പെയേഴ്‌സിന് ഡോ. കെ.വി ജേക്കബ് ട്രോഫിയും ലഭിക്കുമെന്ന് കെ.ബി.എ പ്രസിഡന്റ് സജീവ് കെ മേനോന്‍, സെക്രട്ടറി സന്തോഷ് എസ് വല്‍സലം, ട്രഷറര്‍ ജോസ്‌കുട്ടി കുര്യന്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!