സ്മാര്‍ട്ട് സിറ്റി റോഡുകളുമായി ബന്ധപ്പെട്ട് ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കെ.ആര്‍.എഫ്.ബി മുഖേന നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി റോഡ് വികസന പദ്ധതിയുടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങള്‍ ഒമ്പത് പാക്കേജുകളായി തിരിച്ച് റീ ടെന്‍ഡര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. വാമനപുരം ചിറ്റാര്‍ റോഡിന്റെ ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കും. വിതുര കല്ലാറില്‍ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി അഞ്ച് സ്ഥലങ്ങളില്‍ 300 മീറ്റര്‍ നീളത്തില്‍ സംരക്ഷണ വേലി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കടലുകാണിപ്പാറ വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ജയമോഹന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു തുടങ്ങിയവരും പങ്കെടുത്തു.