തിരുവനന്തപുരം: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഡ്യൂട്ടി സാർജന്റിനെ സസ്പെന്റ് ചെയ്തു. സെക്യൂരിറ്റി സാർജന്റ് (ഗ്രേഡ്-1) ആയ പ്രവീൺ രവിയെയാണ് 1960 ലെ കേരള സിവിൽ സർവ്വീസസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ & അപ്പീൽ) ചട്ടങ്ങളിലെ ചട്ടം-10 (2) പ്രകാരം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സി ടി സ്കാൻ എടുത്ത ശേഷം രാത്രി 11 ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലൻസ് ലഭ്യമാക്കിയില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനു ശേഷമാണ് സാർജന്റിനെതിരെ നടപടിയെടുത്തത്. ഓക്സിജൻ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിംഗിന് കൊണ്ടുപോയത്. ഓക്സിജൻ തീരുന്നതിനു മുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു. ആംബുലൻസ് ലഭിക്കാത്തതിനാൽ അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി രോഗിയെ തിരികെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിക്കുകയായിരുന്നു. ആംബുലൻസും ഡ്രൈവർമാരും സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയിലായതിനാൽ യഥാസമയം ഇടപെട്ട് ആംബുലൻസ് എത്തിക്കേണ്ടത് സാർജന്റിന്റെ ചുമതല കൂടിയാണ്. ആംബുലൻസ് വിളിക്കുന്നതിനോ നേഴ്സിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുന്നതിനോ സാർജന്റ് തയ്യാറായില്ല. സൂപ്രണ്ട് നേരിട്ടെത്തി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ബുധനാഴ്ച തന്റെ മേലുദ്യോഗസ്ഥർക്ക് നൽകിക്കോളാമെന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് നൽകിയത്. യഥാസമയം ആംബുലൻസും ഡ്രൈവറും ലഭ്യമായിരുന്നെങ്കിലും അവരെ വിളിക്കാതിരുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും സൂപ്രണ്ട് അറിയിച്ചു.