ഒരുകാലത്ത് തിരുവനതപുരത്തിന്റെ മുഖമായിരുന്നു നിരത്തുകളിലൂടെ തലയെടുപ്പോടെ പാഞ്ഞുപോകുന്ന ഡബിൾ ഡക്കറുകൾ. ഇപ്പോഴും ചില ബസുകൾ സർവ്വീസ് നടത്തുന്നുമുണ്ട്. എന്നാൽ ഇപ്പോൾ നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇലക്ട്രിക് ബസുകൾ. അനന്തപുരിയിലെ സുന്ദരിമാരായ ഈ ബസുകളെ ഇപ്പോൾ എവിടെ നോക്കിയാലും കാണാം. ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിൽ വലിയ ആശ്വാസമായി മാറുകയാണ് ഈ ബസുകൾ. വെറും പത്തുരൂപകൊണ്ട് നഗരം മുഴുവൻ കാണാൻ ഈ ബസുകളിലൂടെ സാധിക്കും.
തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു സർവ്വീസുകൾ.
തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ഡീസൽ ചിലവ് ഇനത്തിൽ ലാഭിക്കാനായി. നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രമാകും.
ഇപ്പോഴിതാ അടുത്ത ബാച്ച് ബസുകൾ എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 പുതിയ ഇലക്ട്രിക് ബസുകളാണ് നിരത്തിലിറങ്ങിയത്. നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി 13 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും പുറത്തിറക്കി. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാര്‍ഗദര്‍ശി ആപ്പ് നവീനവും ശാസ്ത്രീയവുമായ പുതിയ ചുവടുവെപ്പായി മാറുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
കണ്ട്രോള്‍ റൂം ഡാഷ്ബോര്‍ഡില്‍ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാന്‍ കഴിയും. മെട്രോസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഉള്ളതിന് സമാനമായി ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കും. ലോകത്തിലെ ആധുനിക നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതായാലും അനന്തപുരി കൂടുതൽ സ്മാർട്ടാകട്ടെ.
അനീഷ് തകടിയിൽ