Categories: KERALANEWSTRIVANDRUM

പ്രൗഢഗംഭീരം, ജനനിബിഡം: അനന്തപുരിയുടെ മനസ് കീഴടക്കി നവകേരള സദസ്സിന് ജില്ലയില്‍ സമാപനം

14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക സമാപനം. ഡിസംബര്‍ 20ന് വൈകുന്നേരം ആറുമണിക്ക് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇന്നലെ (ഡിസംബര്‍ 23) വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ പരിസമാപ്തി കുറിച്ചു. സംസ്ഥാനത്തെ 136ആമത് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്.

പതിനായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റിയ സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ വേദികളിലും ഒരുക്കിയിരുന്നെങ്കിലും എല്ലായിടത്തും അത്ഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടയാളുകളുടെയും തെരഞ്ഞെടുത്ത പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്ന പ്രഭാതയോഗങ്ങള്‍ ആറ്റിങ്ങല്‍, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്നു. ഭാവികേരളത്തിന്റെ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിനാവശ്യമായ നയരൂപീകരണത്തിനുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രഭാതയോഗങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളും മന്ത്രിതല ഇടപെടല്‍ ആവശ്യമുള്ള വികസന പദ്ധതികളും പ്രഭാതയോഗങ്ങളില്‍ ചര്‍ച്ചയായി.

വര്‍ക്കലയില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സില്‍ തന്നെ പ്രതീക്ഷകള്‍ക്കതീതമായി വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ആറ്റിങ്ങല്‍ പൂജാ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രഭാതയോഗത്തോടെയായിരുന്നു രണ്ടാം ദിവസത്തിലെ പരിപാടികള്‍ ആരംഭിച്ചത്. രാവിലെ 11 മണിക്ക് ചിറയിന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മാമം മൈതാനത്ത് ആറ്റിങ്ങലിലേയും 04.30ന് മാണിക്കോട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ വാമനപുരത്തേയും ആറിന് നെടുമങ്ങാട് മുന്‍സിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നെടുമങ്ങാട് മണ്ഡലത്തിലെയും നവകേരള സദസ്സ് നടന്നു.

കാട്ടാക്കട തൂങ്ങാംപാറ ശ്രീ കാളിദാസ ഓഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ പ്രഭാതയോഗം. ആര്യനാട് വില്ലാ നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അരുവിക്കരയിലെയും കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കാട്ടാക്കടയിലെയും നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാറ്റിന്‍കരയിലെയും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകള്‍ നിറഞ്ഞുകവിഞ്ഞ വേദികളിലാണ് നടന്നത്.

അവസാന ദിവസമായ ഇന്നലെ (ഡിസംബര്‍ 23) ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഭാതയോഗം നടന്നത്. തുടര്‍ന്ന് കോവളം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ നവകേരള സദസ്സുകള്‍ യഥാക്രമം വിഴിഞ്ഞം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഗ്രൗണ്ട്, പൂജപ്പുര മൈതാനം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ നടന്നു. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ സംയുക്ത പരിപാടിയിലാണ് ജില്ലയിലെ നവകേരള സദസ്സ് സമാപിച്ചത്.

കൃത്യമായ ഒരുക്കം, വിപുലമായ സജ്ജീകരണങ്ങള്‍
ജില്ലാതലത്തില്‍ ഏകോപന യോഗങ്ങള്‍ ചേര്‍ന്നും എല്ലാ നിയോജക മണ്ഡലത്തിലും അതത് എം.എല്‍.എമാരെ ചെയര്‍മാന്മാരും ജില്ലാതല ഉദ്യോഗസ്ഥരെ കണ്‍വീനര്‍മാരുമാക്കി സംഘാടക സമിതി രൂപീകരിച്ചും ചിട്ടയോടെയായിരുന്നു ജില്ലയിലെ ഒരുക്കങ്ങള്‍.കോവളം നിയോജക മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍. നിയോജക മണ്ഡലത്തിലെ സംഘാടക സമിതിക്ക് കീഴില്‍ എല്ലാ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും ബൂത്തുതലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ നിവേദനങ്ങള്‍ സ്വീകരിക്കാനും നവകേരള സദസ്സിന്റെ സന്ദേശമെത്തിക്കാനും വീട്ടുമുറ്റ സദസ്സുകളും നടത്തിയിരുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് ഫെസ്റ്റ്, തെരുവ് നാടകം, ഫ്‌ളാഷ് മോബ്, കലാ – കായിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികളായി സംഘടിപ്പിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വികസന വീഡിയോ പ്രദര്‍ശനവും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പരിപാടികളും നടന്നിരുന്നു.

ജില്ലയില്‍ 61,533 നിവേദനങ്ങള്‍
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും 61,533 നിവേദനങ്ങള്‍ ലഭിച്ചു. ഇവ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വര്‍ക്കലയില്‍ 8716, ചിറയിന്‍കീഴില്‍ 4364, ആറ്റിങ്ങലില്‍ 6238, വാമനാപുരത്ത് 4590, നെടുമങ്ങാട്ട് 4501, അരുവിക്കരയില്‍ 4802, കാട്ടാക്കട 2444, നെയ്യാറ്റിന്‍കരയില്‍ 5379, പാറശാലയില്‍ 5662, കോവളത്ത് 3765, നേമത്ത് 3031, കഴക്കൂട്ടത്ത് 3319, തിരുവനന്തപുരത്ത് 2180, വട്ടിയൂര്‍ക്കാവില്‍ 2542 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിവേദനങ്ങള്‍ ലഭിച്ചത്. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ എല്ലാ വേദികളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു.

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

22 hours ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago