Categories: KERALANEWSTRIVANDRUM

കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ നിയമസഭ പാസാക്കണം: അഡ്വ: പി. സതീദേവി

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. 2021 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കണം.

വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വധൂവരന്‍മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകള്‍ സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്കു നല്‍കണം. ഈ സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകള്‍ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കില്‍ പിഴയടക്കമുള്ള ശിഷാ നടപടികള്‍ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും കരട് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.

നിയമംകൊണ്ട് എല്ലാമാകും എന്ന് കരുതുന്നില്ല. എന്നാല്‍ ചില കേസുകളിലെങ്കിലും പോലീസ് അടക്കമുള്ള നിയമ സംവിധാനങ്ങള്‍ക്ക് മുന്‍കൂറായി ഇടപെടാനാവും. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍ കുറയ്ക്കാന്‍ അത് സഹായകമാവും. ഇത്തരം നടപടികളിലൂടെ നമ്മുക്ക് സ്ത്രീധന വിമുക്ത സംസ്ഥാനാമാവാന്‍ സാധിക്കും. ഇതിന്റെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാമ്പയിന് കേരള വനിതാ കമ്മിഷന്‍ തുടക്കം കുറിക്കുന്നത്. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് ഈ സംസ്ഥാനതല സെമിനാര്‍. സാക്ഷരത, ആരോഗ്യം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. എന്നാല്‍ ആ പെരുമയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് സ്ത്രീധനമെന്ന ദുരാചാരം. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സ്ത്രീധനമെന്ന ദുഷ്പ്രവണത ഏറ്റവും കൂടുതല്‍ കാണുന്നത്. എന്നാല്‍ പരാതികള്‍ ഒന്നുംതന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ലെന്നും കമ്മിഷന്‍ അധ്യക്ഷ ഓര്‍മ്മിപ്പിച്ചു.

വിവാഹത്തോടെയാണ് ജീവിതം സഫലമാകുന്നതെന്ന് പെണ്‍കുട്ടികള്‍ തെറ്റിദ്ധരിക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് തല ഉയര്‍ത്തിപിടിച്ച് പറയുന്ന ഉശിരുള്ള പെണ്‍കുട്ടികളാണ് ഉണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ രക്ഷിതാക്കള്‍ ഇതിന് പരിശ്രമിക്കുന്നില്ല. വിവാഹം കഴിച്ച് അയച്ചതോടെ ഉത്തരവാദിത്തം തീര്‍ന്നുവെന്നാണ് ഇവര്‍ കരുതുന്നത്. പിന്നീട് മകള്‍ വീട്ടില്‍ വന്നുനിന്നാല്‍ സമൂഹത്തിന് മുന്നില്‍ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു. ഈ ചിന്തയും നിരവധി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. മറിച്ച് എപ്പോള്‍ വേണമെങ്കിലും വന്ന് നില്‍ക്കാനൊരിടം തന്റെ വീട്ടിലുണ്ടെന്ന ധൈര്യം മകള്‍ക്ക് പകര്‍ന്നു നല്‍കുന്ന മനസ്ഥിതിയിലേക്ക് രക്ഷിതാക്കള്‍ മറേണ്ടതുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടര്‍ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവന എഴുതി നല്‍കിയിരുന്നയാളാണ്. എന്നിട്ടാണ് അമിതമായ സ്ത്രീധനം ലഭിക്കാത്തതിനാല്‍ പ്രണയബന്ധത്തില്‍നിന്നും പിന്‍മാറിയത്. സ്ത്രീധനം വാങ്ങില്ലെന്ന് ആണ്‍കുട്ടികളും ആത്മാഭിമാനത്തോടെ വിളിച്ചുപറയേണ്ടതുണ്ട്. എല്ലാംകണ്ട് നിസംഗമായി മാറിനില്‍ക്കുന്ന തലമുറയല്ല, പ്രതികരണ ശേഷിയുള്ള ഒരു തലമുറവേണം വളര്‍ന്നുവരുവാനെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.

അയ്യങ്കാളി ഹാളില്‍ രാവിലെ 11 ന് ആരംഭിച്ച സെമിനാറില്‍ കേരള യുവജന കമ്മിഷന്‍ അധ്യക്ഷന്‍ അഡ്വ: എം. ഷാജര്‍ അധ്യക്ഷനും മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യതിഥിയുമായിരുന്നു. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കവിതാ റാണി രഞ്ജിത്, യുവജന കമ്മിഷന്‍ അംഗങ്ങളായ വിജിത ബിനുകുമാര്‍, എച്ച്. ശ്രീജിത്, വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവരും സംസാരിച്ചു. സഖി വിമണ്‍സ് റിസോഴ്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ: ജെ. സന്ധ്യ വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി. വനിതാ കമ്മിഷനംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണ്‍ നന്ദിയും പറഞ്ഞു.

Web Desk

Recent Posts

ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കി മെന്റലിസ്റ്റ് ഹേസൽ റോസ്

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ മെന്റലിസ്റ്റ് ഹേസൽ റോസ്. ​ഇക്കഴിഞ്ഞ…

28 minutes ago

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം:  വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…

9 hours ago

കാസർഗോഡ് നിന്നും മുൻ കെപിസിസി അധ്യക്ഷൻ ശ്രീ കെ മുരളീധരൻ നയിക്കുന്ന യാത്ര കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു

ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…

9 hours ago

തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത്‌ അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ  നിന്നും അൻപത് ശതമാനമായി…

24 hours ago

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽജിജോ പുന്നൂസ്.

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…

24 hours ago

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…

1 day ago