ലൈംഗികാതിക്രമക്കേസിലാണ് സിനിമ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അരസ്റ്റ് ചെയ്തത്. അന്വേഷണസംഘം ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്തു വരികയായിരുന്നു. തീരദേശ പൊലീസിന്‍റെ ആസ്ഥാന ഓഫീസിലാണ് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുകേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
ഇന്ന് രാവിലെ 10:15 ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് നടനെ ചോദ്യംചെയ്യുന്നത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർ നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്തത്.
ആഗസ്റ്റ് 28 നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ ഫ്ലാറ്റിലേക്ക് തന്നെ വിളിച്ചുവരുത്തിയാണ് ലൈംഗികമായി തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചിരുന്നു. ഒറ്റപ്പാലത്തും തന്നെ ഷൂട്ടിങ് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും യുവതി പോലീസിനോട് പരാതി സമര്‍പ്പിച്ചിരുന്നു. ആരോപണത്തിൽ പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടന് പത്തുവർഷം വരെ തടവും പിഴയും ലഭിക്കാം.