അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ഷാജി എൻ കരുൺ: മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയുടെ സാന്നിധ്യമറിയിച്ച സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ കരുണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചലച്ചിത്രകലയെ ചിത്ര കലയുമായി സന്നിവേശിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ ഷാജി എൻ കരുണിന്റെ പ്രത്യേകതയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേദകമായ കഥ അദ്ദേഹം പിറവിയിലൂടെ ആവിഷ്കരിച്ചു. അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ യാഥാർഥ്യം അദ്ദേഹം ലോകത്തിന് മുന്നിൽ വരച്ചു കാട്ടി. കാൻ ഫെസ്റ്റിവലിൽ പിറവി, സ്വം, വാനപ്രസ്ഥം എന്നീ മൂന്ന് സിനിമകൾ തെരെഞ്ഞെടുക്കപ്പെട്ടത് തന്നെ ഈ അതുല്യ പ്രതിഭയുടെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ്. മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുള്ള ഇടപെടലിലൂടെയും ഷാജി എൻ കരുൺ സജീവ സാന്നിധ്യമായി. ചലച്ചിത്ര വികസന കോർപ്പറേഷൻ രൂപീകരണത്തിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു.

ചലച്ചിത്ര അക്കാഡമി ചെയർമാൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു. കലാപരമായ ഉന്നതിക്കായി പ്രവർത്തിക്കുന്ന ചലച്ചിത്രകാരനെന്ന നിലയിൽ ഷാജി എൻ കരുണിന് ജെ.സി ഡാനിയേൽ പുരസ്കാരം സമ്മാനിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ എല്ലാ പ്രതിഭകളെയും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച ചിത്രമായ ‘കാതൽ ദി കോർ’ നുള്ള പുരസ്കാരം സംവിധായകൻ ജിയോ ബേബിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജ് സുകുമാരനും മികച്ച നടിമാർക്കുള്ള പുരസ്കാരം ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസിയും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച രണ്ടാമത്തെ ചിത്രമായ ഇരട്ടയ്ക്കുള്ള പുരസ്കാരം നിർമ്മാതാക്കളായ ജോജു ജോർജ്ജ്, മാർട്ടിൻ പ്രാക്കാട്ട്, സിജോ വടക്കൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനായ വിജയരാഘവനും സ്വഭാവ നടി ഗ്രീഷ്മ ചന്ദ്രനും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

ജൈവം എന്ന ചിത്രത്തിലെ അഭിനയത്തിന് കൃഷ്ണനും ആടുജീവിതത്തിലെ അഭിനയത്തിന് കെ ആർ ഗോകുലും കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോടും ഗഗനചാരി എന്ന സിനിമയുടെ നിർമ്മാതാവ് അജിത് കുമാർ സുധാകരനും സംവിധായകൻ അരുൺ ചന്ദുവും ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.

മികച്ച ബാലതാരം ആൺ വിഭാഗത്തിൽ അവ്യുക്ത് മേനോനും മികച്ച ബാലതാരം പെൺ വിഭാഗത്തിൽ തെന്നൽ അഭിലാഷും മികച്ച കഥാകൃത്തായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും മികച്ച ഛായാഗ്രാഹകനായ സുനിൽ കെ എസും മികച്ച തിരക്കഥാകൃത്തായ രോഹിത് എംജി കൃഷ്ണനും മികച്ച തിരക്കഥ അഡാപ്‌റ്റേഷൻ വിഭാഗത്തിൽ ബ്ലെസിയും മികച്ച ഗാനരചയിതാവായ ഹരീഷ് മോഹനനും മികച്ച സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസും മികച്ച പശ്ചാത്തല സംഗീത സംവിധായകനായ മാത്യൂസ് പുളിക്കനും മികച്ച പിന്നണി ഗായകനായ വിദ്യാധരൻ മാസ്റ്ററും മികച്ച പിന്നണി ഗായികയായ ആൻ ആമിയും മികച്ച ചിത്ര സംയോജകനായ സംഗീത് പ്രതാപും മികച്ച കലാ സംവിധായകനായ മോഹൻദാസും മികച്ച സിങ്ക് സൗണ്ടിസ്റ്റായി ഷമീർ അഹമ്മദും മികച്ച ശബ്ദമിശ്രണത്തിന്  റസൂൽപൂക്കുട്ടിയും ശരത് മോഹനും മികച്ച ശബ്ദരൂപകൽപ്പനയ്ക്ക് ജയദേവൻ ചക്കാടത്തും അനിൽ രാധാകൃഷ്ണനും മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് വൈശാഖ് ശിവഗണേഷ് / ന്യൂബ് സിറസും മികച്ച മേക്കപ്പ് ആർട്ടിസ്റ്റാ  രഞ്ജിത് അമ്പാടിയും മികച്ച വസ്ത്രാലങ്കാരത്തിന്  ഫെമിന ജബ്ബാറും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ വിഭാഗത്തിൽ റോഷൻ മാത്യുവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ വിഭാഗത്തിൽ സുമംഗലയും മികച്ച നൃത്ത സംവിധാനത്തിന് ജിഷ്ണുവും ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയും മികച്ച നവാഗത സംവിധായകനായ ഫാസിൽ റസാഖും മികച്ച വിഷ്വൽ ഇഫക്റ്റ്‌സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ശാലിനി ഉഷാദേവിക്ക് ചടങ്ങിൽ സമ്മാനിച്ചു.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി തെരെഞ്ഞെടുത്ത മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന പുസ്തകത്തിന്റെ രചയിതാവ് കിഷോർ കുമാറിനുവേണ്ടി സഹോദരൻ അവാർഡ് ഏറ്റുവാങ്ങി. മികച്ച ചലച്ചിത്ര ലേഖനമായി തെരെഞ്ഞെടുത്ത ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ എന്ന ലേഖനമെഴുതിയ ഡോ. രാജേഷ് എം ആറും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവ് പി.പ്രേമചന്ദ്രനും ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ ചരിത്രവും രാഷ്ട്രീയവും എന്ന ലേഖനത്തിന്റെ രചയിതാവ് അനൂപ് കെ.ആർ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള അവാർഡുകളും ഏറ്റുവാങ്ങി.

ചലച്ചിത്ര അവാർഡ് ബുക്കിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് നൽകി നിർവഹിച്ചു. കൊട്ടാരക്കരയിൽ നടക്കുന്ന വനിതാ ചലച്ചിത്ര മേളയുടെ ഡിസൈൻ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ മേയർ ആര്യാ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, ജൂറി അംഗം ആൻ അഗസ്റ്റിൻ എന്നിവ നൽകി നിർവഹിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ.ജാനകി ശ്രീധരൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് എന്നിവർ സംബന്ധിച്ചു

News Desk

Recent Posts

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…

2 days ago

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…

3 days ago

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…

3 days ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…

4 days ago

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…

5 days ago

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…

5 days ago