എൻ കൃഷ്ണപിള്ള സാഹിത്യത്തിലെ യുഗ സ്രഷ്ടാവ് – അടൂർ ഗോപാലകൃഷ്ണൻ

പ്രൊഫ. എൻ കൃഷ്ണപിള്ള സാഹിത്യത്തിലെ യുഗ സ്രഷ്ടാവാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും പഠിക്കപ്പെടുമെന്നും അടൂർ ഗോപാലകൃഷ്ണൻ. എൻ കൃഷ്ണപിള്ളയുടെ നൂറ്റിയൊൻപതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും അടൂർ പറഞ്ഞു. ഫൗണ്ടേഷൻ പുതിയതായി ആരംഭിച്ച പുസ്തക ശാലയും അടൂർ ഉദ്‌ഘാടനം ചെയ്തു.

ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ പൂന്താനം, ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ എന്നിവരുടെ ഛായാചിത്രങ്ങൾ ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്ത് സംസാരിച്ചു. ഡോ. എഴുമറ്റൂർ രാജരാജവർമ്മ രചിച്ച അമൃതകിരണങ്ങൾ, ഏഴുമറ്റൂരിന്റെ സർഗ്ഗപ്രപഞ്ചം, എഡിറ്റു ചെയ്ത എൻ കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം, അനന്തപുരം രവി രചിച്ച നാടക പഞ്ചകം അഹല്യ മുതൽ മണ്ഡോദരി വരെ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ടി പി ശ്രീനിവാസൻ നിർവഹിച്ചു. ലീല പണിക്കർ ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിൽ ജി ശ്രീറാം സ്മരണാഞ്ജലി ആലപിച്ചു.

ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ട്രഷറർ ബി സനിൽ കുമാർ നന്ദിയും പറഞ്ഞു. ഡോ. എം എൻ രാജൻ, അനന്തപുരം രവി, എസ് ഗോപിനാഥ്‌, ജി വിജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചവാദ്യം, തിരുവാതിര, കഥാപ്രസംഗം, അക്ഷരശ്ലോകസദസ്സ് , ലളിത ഗാനാഞ്ജലി, ശീതങ്കൻ തുള്ളൽ എന്നീ പരിപാടികൾ ആദ്യ ദിവസം അരങ്ങേറി.

error: Content is protected !!