രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ യുവാവ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകളിലെ വസ്തുതകള്‍ വെളിപ്പെടുത്തി ഡോ.
മനോജ് വെള്ളനാട്. ചികിത്സാ വൈകിയെന്നോ പിഴവുണ്ടായെന്നോ ഉള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് അദ്ദേഹം തൻ്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആശുപത്രിയിലെ ഗ്രില്‍ തുറന്നു കൊടുക്കാൻ വൈകിയെന്ന ആരോപണത്തെ സിസിടിവി ദൃശ്യങ്ങള്‍ മുൻനിർത്തി അദ്ദേഹം നിരാകരിക്കുന്നു. രോഗി എത്തി രണ്ട് മിനിറ്റ് പോലും തികയുന്നതിന് മുൻപ് തന്നെ ഗ്രില്‍ തുറന്നു നല്‍കിയതായും രോഗിയെ നേരിട്ട് ഡോക്ടറുടെ ക്യാബിനിലേക്ക് കൊണ്ടുപോയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചികിത്സ വൈകി എന്ന പ്രചാരണം തെറ്റാണെന്നും മനുഷ്യസാധ്യമായ വേഗതയില്‍ തന്നെ കാര്യങ്ങള്‍ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ശ്വാസം മുട്ടലുമായെത്തിയ രോഗിക്ക് ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമായ രണ്ട് തരം ഇഞ്ചക്ഷനുകളും നെബുലൈസേഷനും ഓക്സിജനും നല്‍കിയിട്ടുണ്ട്. തുടർ ചികിത്സയ്ക്കായി ഓക്സിജനോട് കൂടി തന്നെ മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. രോഗിക്ക് സിപിആർ (CPR) നല്‍കിയില്ല എന്ന ആരോപണത്തിനും ഡോക്ടർ മറുപടി നല്‍കുന്നുണ്ട്. ബോധമുള്ളതും പള്‍സ് ഉള്ളതുമായ ഒരു രോഗിക്ക് നല്‍കേണ്ട ഒന്നല്ല സിപിആർ എന്നും, പള്‍സ് ഇല്ലാത്ത അബോധാവസ്ഥയിലുള്ളവർക്കാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മരിച്ച യുവാവ് നേരത്തെ തന്നെ ഹൃദ്രോഗിയായിരുന്നു എന്ന പ്രധാന വസ്തുത പല മാധ്യമങ്ങളും മറച്ചുവെച്ചതായി ഡോക്ടർ പറയുന്നു. മരണത്തിന് മൂന്ന് ദിവസം മുമ്പും ഇതേ ബുദ്ധിമുട്ടുമായി അദ്ദേഹം ആശുപത്രിയില്‍ വരികയും, അന്ന് ഡോക്ടർമാർ ഹയർ സെൻ്ററിലേക്ക് റെഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തുടർ പരിശോധനകള്‍ക്ക് വിധേയനായില്ല എന്നത് മരണകാരണത്തെ സ്വാധീനിച്ചിരിക്കാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വസ്തുതകള്‍ അന്വേഷിക്കാതെ ആരോഗ്യ പ്രവർത്തകരെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും അനാവശ്യമായി അപകീർത്തിപ്പെടുത്തുന്ന മാധ്യമ ശൈലിയെ അദ്ദേഹം കുറിപ്പിലൂടെ രൂക്ഷമായി വിമർശിച്ചു,. ഇത്തരം വാർത്തകള്‍ ജനങ്ങളില്‍ തെറ്റായ അവബോധം സൃഷ്ടിക്കുമെന്നും മര്യാദയുടെ പേരെങ്കിലും വസ്തുതകള്‍ പരിശോധിക്കാൻ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ ഒരാശുപത്രിയില്‍ ഒരു രോഗി മരിച്ചാല്‍ ഒന്നുകില്‍ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കില്‍ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ട് കുറച്ചു നാളായി. ഇതിൻ്റെ പ്രധാന പ്രായോജകർ, വാർത്തകള്‍ക്ക് വസ്തുതകള്‍ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ തേങ്ങയുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള മാധ്യമങ്ങള്‍ തന്നെയാണ്.
വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ രോഗി മരിച്ചത് ഒട്ടും നിസാരമായ കാര്യമല്ല. വാർത്താ പ്രാധാന്യമുള്ളതു തന്നെയാണ്. പ്രത്യേകിച്ചും രോഗി ഒരു യുവാവാണ്. പക്ഷെ വാർത്തയ്ക്ക് വസ്തുതകള്‍ ബാധ്യത ആവരുത് എന്ന നിർബന്ധം ഇവിടെയും ഉണ്ടായി. ഇപ്പോള്‍ കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം, വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയതും ചികിത്സ നല്‍കാത്തതും കാരണം 37 കാരൻ മരിച്ചു എന്ന്. എന്നാല്‍ സത്യമതാണോ? അതാർക്കറിയണം!!
എന്നാലും നമ്മള്‍ അറിഞ്ഞ കാര്യങ്ങള്‍ പറയണമല്ലോ.
1. രാത്രി ഒന്നര അടുപ്പിച്ച്‌ ആശുപത്രിയില്‍ എത്തിയ രോഗിക്ക് ഗ്രില്‍ തുറന്നു കൊടുത്തില്ലാ എന്നതാണ് ആദ്യത്തെ പ്രശ്‌നം. എന്നാല്‍ സിസിടിവിയിലെ സമയം പരിശോധിച്ചാല്‍ അറിയാം രോഗി എത്തി, രണ്ടു മിനിട്ട് തികച്ച്‌ എടുത്തിട്ടില്ല എന്ന കാര്യം. പക്ഷെ അക്കാര്യം പരിശോധിച്ചാലേ അറിയൂ.
2. ഡോക്‌ടർ പരിശോധിക്കാൻ വൈകി: അതും സിസിടിവിയില്‍  പതിഞ്ഞിട്ടുണ്ട്, രോഗിയെ നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് കൊണ്ടു പോകുന്നത്.
3. വേണ്ട ചികിത്സ നല്‍കിയില്ല : ശ്വാസം മുട്ടലുമായി വരുന്ന രോഗിയ്ക്ക് നല്‍കേണ്ട, അല്ലെങ്കില്‍ ഒരു സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചെയ്യാവുന്ന ചികിത്സകള്‍ – രണ്ട് തരം ഇഞ്ചക്ഷനും നെബുലൈസേഷനും ഓക്‌സിജനും – അവിടെ നിന്നും നല്‍കിയിട്ടുണ്ട്.
4. തുടർന്ന്, തുടർ ചികിത്സയ്ക്കായി ഓക്സിജനോടുകൂടി തന്നെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്തു.
5. CPR നല്‍കിയില്ല! : ഇതാണ് ഏറ്റവും ഗുരുതരമായ ആരോപണം. CPR ബോധമുള്ള, പ്രതികരിക്കുന്ന, നടന്നു പോകുന്ന രോഗികള്‍ക്ക് കൊടുക്കുന്ന ചികിത്സയല്ല. അത് അബോധാവസ്ഥയില്‍ ഉള്ള പള്‍സ് ഇല്ലാത്ത രോഗികളിലേ ചെയ്യാൻ പറ്റൂ. മഹേഷിൻ്റെ പ്രതികാരത്തിലെ പട്ടാളക്കാരൻ ചെയ്യുന്നത് കണ്ട് അതാണ് CPR എന്ന് വിചാരിക്കരുത്.
രോഗി വരുന്നതും ഇതെല്ലാം സംഭവിക്കുന്നതും ആംബുലൻസില്‍ കയറി പോകുന്നതും എല്ലാം മനുഷ്യസാധ്യമായ ശരിയായ വേഗതയില്‍ തന്നെയാണ്. എന്നിട്ടും രോഗി മെഡിക്കല്‍ കോളേജ് എത്തും മുമ്പേ മരിച്ചു. അത് ഭൗർഭാഗ്യകരമാണ്. എന്നുകരുതി അദ്ദേഹത്തെ വേണ്ട രീതിയില്‍ ചികിത്സിച്ച ആരോഗ്യ പ്രവർത്തകരും ആശുപത്രിയും ആണ് കാരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?
അദ്ദേഹം വളരെ നേരത്തേ ഹൃദ്രോഗി ആയിരുന്നു. മരിക്കുന്നതിന് 3 ദിവസം മുമ്പും ഇതേ ആശുപത്രിയില്‍ ഇതേ ബുദ്ധിമുട്ടുമായി വരികയും വേണ്ട ചികിത്സ നല്‍കിയ ശേഷം തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഹയർ സെൻ്ററിലേക്ക് റെഫർ ചെയ്തതുമാണ്. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം അതിനൊന്നും പോയില്ല.
അപ്പോള്‍ എന്താണ് മരണകാരണം? ആർക്കും അറിയില്ല. അത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ അറിയൂ. എന്നാല്‍ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് അതിൻ്റെ ഒന്നും ആവശ്യമില്ല. അവർ വിചാരണയും നടത്തി വിധിയും പറഞ്ഞു കഴിഞ്ഞു. ഇനി ഇതിൻ്റെ ശരിയായ വസ്തുതകള്‍ പുറത്തു വരുമ്പോള്‍ അവർ എപ്പോഴെങ്കിലും വാർത്തയാക്കുമോ? ഏയ്, അതിലൊരു ത്രില്ലില്ല. ഇനി ശരിയായ വസ്തുത അറിയാൻ ഭൂരിപക്ഷം മലയാളികള്‍ക്കും താല്‍പ്പര്യമുണ്ടോ? ഒട്ടുമേ ഇല്ല എന്നതാണ് മറ്റൊരു സത്യം.
ചികിത്സാ വൈകലും ചികിത്സാ പിഴവുകളും സംഭവിക്കാവുന്ന കാര്യമാണ്. എവിടെയും എപ്പോഴും സംഭവിക്കാം. കാരണം ഇതെല്ലാം ചെയ്യുന്നത് മനുഷ്യരാണ്. പക്ഷെ അത് വാർത്തയാക്കും മുമ്പ് ശരിക്കും അങ്ങനെ സംഭവിച്ചോ എന്ന് അന്വേഷിക്കേണ്ടത് മിനിമം മര്യാദയാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മാധ്യമപ്രവർത്തകർ ഉള്‍പ്പെടെയുളള എല്ലാവർക്കും വേണ്ടിയാണല്ലോ. അതിനെ അനാവശ്യമായി അപകീർത്തിപ്പെടുത്തിയതു കൊണ്ട് എന്ത് ഗുണമാണുള്ളത്?
മരിച്ച മനുഷ്യന് ആദരാഞ്ജലി.

Web Desk

Recent Posts

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

3 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

18 hours ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

18 hours ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

18 hours ago

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…

22 hours ago

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…

22 hours ago