Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

ഫുൾ ഓണാണ് കൺട്രോൾ റൂം; ഓണം വാരാഘോഷത്തിന് കനത്ത സുരക്ഷ

1 minute

Read Time

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിശാഗാന്ധിക്ക് സമീപം പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ 30 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ നിയന്ത്രണങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. കൺട്രോൾ റൂം സി.ഐ. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ആഘോഷ വേദികളിലും പരിസരങ്ങളിലും നടക്കുന്ന ഓരോ നീക്കവും നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമിൽ മാത്രം 42 ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ആഘോഷ വേദികളിലും സമീപപ്രദേശങ്ങളിലുമായി കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഡ്രോൺ ക്യാമറകളിലൂടെയും നിരീക്ഷണം നടത്തും. കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പ്രധാന പ്രവേശന കവാടങ്ങൾക്ക് സമീപം മെറ്റൽ ഡിറ്റക്ടർ പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആംബുലൻസ് സൗകര്യവും സജ്ജമാണ്.

ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവേശനത്തിനും പുറത്തേക്കുള്ള യാത്രയ്ക്കുമായി വഴികൾ പ്രത്യേകം ക്രമീകരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങളും അനൗൺസ്‌മെന്റുകളിലൂടെ കൃത്യമായ ഇടവേളകളിൽ ജനങ്ങളെ അറിയിക്കുന്നുണ്ട്.

ഓണം വാരാഘോഷത്തിനിടെ എന്ത് ആവശ്യങ്ങൾക്കായും ജനങ്ങൾക്ക് ഭയരഹിതമായി കൺട്രോൾ റൂമിനെ സമീപിക്കാമെന്ന് പോലീസ് അറിയിച്ചു. സൗഹൃദപരമായ സമീപനത്തോടെ ജനങ്ങളെ സഹായിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താനും പോലീസ് സദാ സന്നദ്ധരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും സംയോജിപ്പിച്ചാണ് ഇത്തവണത്തെ ഓണം വാരാഘോഷ സുരക്ഷാ ക്രമീകരണങ്ങൾ.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!