
വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു വ്യാപാര സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്. ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സമുച്ചയത്തിന് മൂന്ന് നിലകളിലായി (എ ബ്ലോക്ക് ഉൾപ്പെടെ) ആകെ 2153 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകും.
ഇതൊരു പുനരധിവാസ പദ്ധതി എന്നതിലുപരി, വട്ടിയൂർക്കാവിലെ ഒരു പുതിയ സാംസ്കാരിക-വിശ്രമ കേന്ദ്രം കൂടിയായാണ് ട്രിഡ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്കൊപ്പം, പൊതുജനങ്ങൾക്കായി ഒരു ആംഫി തിയറ്റർ, മനോഹരമായ പാർക്ക്, പൊതുയോഗങ്ങൾ നടത്താനുള്ള വിശാലമായ സ്ഥലം എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വട്ടിയൂർക്കാവിന്റെ ഹൃദയഭാഗം കൂടുതൽ ജനകീയവും സജീവവുമാകും. @ triv-in
*************************************


