ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ. വെറുമൊരു റിലീസല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണെന്നാണ് രമയുടെ പ്രതികരണം. മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ അതിജീവിച്ചു വരികയാണെന്ന് ഒരു സ്ത്രീ തുറന്നു പറയുമ്പോള്‍ അത് അനേകായിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്ന മാതൃകാ നിലപാടാണ്. സിനിമാ മേഖലയില്‍ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കുറിപ്പിലൂടെ എംഎല്‍എ പറഞ്ഞു.

ഇരയെന്ന നിലയില്‍ നിന്നും അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലെ പില്‍ക്കാല ജീവിതം സ്വാഭാവിക നിലയില്‍ അവര്‍ക്ക് മുന്നോട്ട് നയിക്കാനാവൂവെന്നും കെ കെ രമ പറഞ്ഞു. ആക്രമണത്തിനിരയായപ്പോള്‍ രാത്രി സഞ്ചാരവും ഈ കരിയര്‍ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യല്‍ മീഡിയയിലെ മുഖമില്ലാത്ത ആള്‍ക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാള്‍ വരെ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയതെന്നും രമ കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കും ഭാവനയ്ക്കും സ്‌നേഹാഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടാണ് കെ കെ രമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം ഫെബ്രുവരി 24 ന് തിയേറ്ററുകളിലെത്തുകയാണ്. ലണ്ടന്‍ ടാക്കീസ്, ബോണ്‍ ഹോമി എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ രാജേഷ് കൃഷ്ണ റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയുടെ റിലീസ് വെറുമൊരു സിനിമാ റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ്.

ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടില്‍ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍. നമ്മുടെ സദാചാര സങ്കല്പങ്ങളനുസരിച്ച് ‘കളങ്കിതകള്‍ ‘ എന്ന പ്രതിച്ഛായ അടിച്ചേല്പിച്ച് ഒറ്റപ്പെടുത്തുന്നതിനാലാണ് അവര്‍ക്ക് ഇരകളായി തുടരേണ്ടി വരുന്നത്. മറ്റ് ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികള്‍ക്ക് വലിയ സാദ്ധ്യതകള്‍ തുറന്നിടുന്നുണ്ട്. ലൈംഗികാതിക്രമങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കല്‍ വല്ലാതെ വര്‍ദ്ധിപ്പിക്കും.

ഇരയെന്ന നിലയില്‍ നിന്നും അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലെ, പില്‍ക്കാല ജീവിതം സ്വാഭാവിക നിലയില്‍ അവര്‍ക്ക് മുന്നോട്ട് നയിക്കാനാവൂ.

അതുകൊണ്ട് താന്‍ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോള്‍ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങള്‍ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നു പറയുമ്പോള്‍ അത് മേല്പറഞ്ഞ അനേകയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്ന മാതൃകാ നിലപാടാണ്. സുപ്രസിദ്ധ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് കഴിഞ്ഞ വനിതാദിനത്തില്‍ ചലച്ചിത്ര നടി ഭാവനയുമായി നടത്തിയ ഓണ്‍ലൈന്‍ ഭാഷണം അതുകൊണ്ട് തന്നെയാണ് ചരിത്രമായത്.എല്ലാം തീര്‍ന്നുവെന്ന് കരുതിയ ഇടത്തു നിന്നും ഘട്ടം ഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതില്‍ വിശദീകരിക്കുന്നുണ്ട്.

രാത്രി സഞ്ചാരവും ഈ കരിയര്‍ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യല്‍ മീഡിയയിലെ മുഖമില്ലാത്ത ആള്‍ക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാള്‍ വരെ തനിക്കൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയത്.

സിനിമാമേഖലയില്‍ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമയ്ക്കും ഭാവനയ്ക്കും
സ്‌നേഹാഭിവാദ്യങ്ങള്‍ .

കെ.കെ രമ

News Desk

Recent Posts

ഗവർണറുടെ സ്വാതന്ത്ര്യദിന ആശംസ

''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…

50 minutes ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന സന്ദേശം

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…

11 hours ago

എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…

11 hours ago

ലൈഫിന്റെ കരുതലിൽ ഇടമലക്കുടി നിവാസികൾ; 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി

മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…

14 hours ago

കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…

17 hours ago

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

18 hours ago