പനജി: സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ വേദിയായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) നഗരി മാറുന്നു. സർഗാത്മക സ്ഥാപനങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, തദ്ദേശീയ ഉൽപ്പന്നങ്ങൾ, മേളയുടെ സ്മരണികാ ഉൽപ്പന്നങ്ങൾ, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ സാന്നിധ്യം മേളയ്ക്ക് കൂടുതൽ മിഴിവേകുന്നു.
പ്രതിനിധികൾക്കും ചലച്ചിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ഇന്ത്യയുടെ സമ്പന്നമായ സർഗാത്മക-സാംസ്കാരിക പൈതൃകം അടുത്തറിയാനും വിവിധ മേഖലകളുമായി സംവദിക്കാനും മേളാനഗരിയിലെ ഈ സംവിധാനങ്ങൾ അവസരമൊരുക്കുന്നു.
ചലനശേഷി കുറഞ്ഞ വ്യക്തികളുടെ അന്തസ്സും അവർക്കാവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ‘സ്വയം’ സംഘടനയുടെ ബോധവൽക്കരണ സംരംഭം മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. തുടർച്ചയായ രണ്ടാം വർഷമാണ് സംഘടന ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്.
ഭിന്നശേഷി സൗഹൃദ പൊതുഇടങ്ങളുടെ പ്രാധാന്യവും സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തവും ഉയർത്തിക്കാട്ടുകയാണ് സംഘടനയുടെ ലക്ഷ്യം. മേളയുടെ വിവിധ വേദികളിൽ ഒരുക്കിയിട്ടുള്ള ഭിന്നശേഷി സൗഹൃദ ക്രമീകരണങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ എല്ലാവർക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ ആസ്വദിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നു.
സർഗാത്മക സാങ്കേതികവിദ്യ, സിനിമ, ദൃശ്യ-ശ്രാവ്യ കലകൾ, ഡിസൈൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ മേളാനഗരിയിൽ തങ്ങളുടെ പ്രവർത്തനങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നുണ്ട്.
ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് ആനിമേഷൻ കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന മത്സരത്തിലൂടെ സന്ദർശകരെയും പങ്കാളികളാക്കുന്നു. സ്ഥാപനത്തിന്റെ സ്മരണികാ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ശ്രദ്ധേയമാണ്.
പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടറേറ്റ് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കൊപ്പം ഗാന്ധിയൻ പുസ്തക പരമ്പരയും പ്രദർശിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്.
ചെന്നൈയിലെ എസ്.എ ഫിലിം അക്കാദമി, ഹരിയാനയിലെ റോത്തക്കിലുള്ള ദാദാ ലക്ഷ്മി ചന്ദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ്, ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും മേളയുടെ അക്കാദമിക-സർഗാത്മക തലത്തിന് കരുത്തേകുന്നു.
നാഗാ പരമ്പരാഗത വിഭവങ്ങൾ, ബിരിയാണി, ദോശ, കാപ്പി, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ഭക്ഷണവിഭവങ്ങൾ മേളാനഗരിയിലെ സന്ദർശകർക്ക് വേറിട്ട രുചിയനുഭവങ്ങൾ സമ്മാനിക്കുന്നു.
ഗോവയുടെ തനത് ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഗോവ വനം വികസന കോർപ്പറേഷൻ പ്രാദേശികമായി സംഭരിച്ച കശുവണ്ടിയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യതയും പ്രചാരണവും നൽകുന്നതിലും ഈ സംരംഭം ശ്രദ്ധേയമാണ്.
ചലച്ചിത്രമേളയുടെ ഓർമകൾ നിലനിർത്താൻ സഹായിക്കുന്ന സ്മരണികാ ഉപഹാരങ്ങളും വിവിധ സർഗാത്മക ഉൽപ്പന്നങ്ങളും മെർച്ചൻഡൈസ് സ്റ്റാളുകളിൽ ലഭ്യമാണ്.
പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വസ്ത്രങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുമ്പോൾ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയും സ്വന്തം മെർച്ചൻഡൈസ് ശേഖരവുമായി മേളയിൽ സാന്നിധ്യമറിയിക്കുന്നു.
വെള്ളിത്തിരയ്ക്കപ്പുറം ഡിജിറ്റൽ, പ്രക്ഷേപണ മേഖലകളിലേക്കും മേളയുടെ അനുഭവം വ്യാപിക്കുന്നു. പ്രൈം വീഡിയോ, സ്റ്റോറി ടി.വി. ആപ്പ്, ബിഗ് എഫ്.എം തുടങ്ങിയവയുടെ സ്റ്റാളുകളും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നു. മാറിക്കൊണ്ടിരിക്കുന്ന മാധ്യമ-വിനോദ വ്യവസായത്തിന്റെ വിവിധ മേഖലകളെ അടുത്തറിയാനും ഇതിലൂടെ അവസരമൊരുങ്ങുന്നു.
മേളയിൽ പങ്കാളിത്തത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയ്ക്ക് സ്റ്റാൾ നടത്തിപ്പുകാർ നന്ദി അറിയിച്ചു.
സിനിമയ്ക്കപ്പുറം സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും പ്രാദേശിക വൈവിധ്യങ്ങളുടെയും സംഗമവേദിയായി മാറുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള നഗരി, സന്ദർശകർക്ക് ചലച്ചിത്രാനുഭവങ്ങൾക്കൊപ്പം പുതിയ അറിവുകളും അനുഭവങ്ങളും സമ്മാനിക്കുകയാണ്.
കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സമാപിച്ചു; 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു അങ്കമാലി:…
തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ…
തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്ന 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ്…
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശവുമായി തലസ്ഥാനത്ത് 'ഓറഞ്ച് ദ വേൾഡ്'…
ചലച്ചിത്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനും ബിസിനസ് സാധ്യതകൾക്കും പുതിയ വഴിതുറന്ന് വേവ്സ് ഫിലിം ബസാറിന്റെ ഇരുപതാം പതിപ്പ് സമാപിച്ചു. 54…
തിരുവനന്തപുരം | 25 നവംബർ 2026 അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്…