ചലച്ചിത്ര മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനും ബിസിനസ് സാധ്യതകൾക്കും പുതിയ വഴിതുറന്ന് വേവ്സ് ഫിലിം ബസാറിന്റെ ഇരുപതാം പതിപ്പ് സമാപിച്ചു. 54 രാജ്യങ്ങളിൽ നിന്നായി 2,288 പ്രതിനിധികളാണ് ഇത്തവണത്തെ മേളയിൽ പങ്കെടുത്തത്. ഇതിൽ 471 പേർ വിതരണ-നിർമാണ മേഖലയിലെ പ്രതിനിധികളായിരുന്നു.
57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് (IFFI) നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ഫിലിം മാർക്കറ്റിൽ ഇന്ത്യയും ചിലിയും തമ്മിലുള്ള സംയുക്ത ചലച്ചിത്ര നിർമ്മാണത്തിനായി രണ്ട് താൽപര്യപത്രങ്ങൾ ഒപ്പുവെച്ചു. വിവിധ ബിസിനസ് ചർച്ചകൾക്കു പിന്നാലെ 14 ധാരണാപത്രങ്ങളും കരാറുകളും അന്തിമഘട്ടത്തിലെത്തിയതായും സംഘാടകർ അറിയിച്ചു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രഭാതാണ് പരിപാടിയുടെ നേട്ടങ്ങൾ വിശദീകരിച്ചത്. കോ-പ്രൊഡക്ഷൻ മാർക്കറ്റിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച 220-ഓളം വ്യക്തിഗത കൂടിക്കാഴ്ചകൾ ഉൾപ്പെടെ നിരവധി ബിസിനസ് ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു.
IFFI ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ, NFDC മാനേജിംഗ് ഡയറക്ടർ ധീരജ് സിംഗ്, വേവ്സ് ഫിലിം ബസാർ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീരാഗ് എം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
എട്ട് രാജ്യങ്ങളെയും 13 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 16 ഭാഷകളെയും പ്രതിനിധീകരിക്കുന്ന 25 ചലച്ചിത്ര പദ്ധതികളാണ് കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. ഏകദേശം 220 വ്യക്തിഗത കൂടിക്കാഴ്ചകൾക്ക് പുറമെ നിരവധി വ്യവസായ ചർച്ചകളും നടന്നു.
തിരഞ്ഞെടുക്കപ്പെട്ട ഫീച്ചർ സിനിമാ പദ്ധതികളിലൊന്നായ ‘ഹുർദ (That Tight Green Top)’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി ഖാൻ ആൻഡ് കുമാർ മീഡിയയും രംഗത്തെത്തി. ഇന്ത്യ-ചിലി സംയുക്ത നിർമ്മാണത്തിനായുള്ള രണ്ട് താൽപര്യപത്രങ്ങൾ ഒപ്പുവെച്ചതും പ്രധാന നേട്ടമായി.
കോ-പ്രൊഡക്ഷൻ മാർക്കറ്റ്, സ്ക്രീൻ റൈറ്റേഴ്സ് ലാബ്, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്, വ്യൂവിംഗ് റൂം തുടങ്ങിയ സംവിധാനങ്ങളിലൂടെ സിനിമാ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികൾക്ക് ബസാർ പിന്തുണ നൽകി.
വ്യൂവിംഗ് റൂമിൽ 170 പ്രോജക്റ്റ് എൻട്രികൾ ലഭിച്ചു. 11 രാജ്യങ്ങളിൽ നിന്നുള്ള 155 സിനിമകൾ 608 സന്ദർശകർ 100 മണിക്കൂറിലധികം സമയമെടുത്ത് കണ്ടു.
ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തങ്ങളുടെ ഫെസ്റ്റിവൽ പ്രോഗ്രാമിലേക്ക് പരിഗണിക്കുന്നതിനായി ഇതിൽ നിന്ന് നാല് ഹ്രസ്വചിത്രങ്ങൾ തിരഞ്ഞെടുക്കും. തിയേറ്റർ വിതരണം, വിമാനങ്ങളിലെ വിനോദപരിപാടികൾ, മറ്റ് വിതരണാവകാശങ്ങൾ എന്നിവയ്ക്കായി പനോരമ സ്റ്റുഡിയോസും ചില പദ്ധതികൾ പരിഗണിക്കുന്നുണ്ട്.
വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്ക് ലഭിച്ച 53 അപേക്ഷകളിൽ നിന്ന് അഞ്ച് പദ്ധതികൾ തിരഞ്ഞെടുത്തു. ഓരോ പദ്ധതിക്കും ചലച്ചിത്ര മേഖലയിലെ വിദഗ്ധരുടെ മൂന്ന് ഫീഡ്‌ബാക്ക് സെഷനുകൾ വീതം ലഭിച്ചു.
സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ തിരഞ്ഞെടുക്കപ്പെട്ട സഞ്ചിത സിൻഹയുടെ ‘ദ ജാപ്പനീസ് വൈഫ്’ എന്ന പദ്ധതിക്കും നിർമ്മാണ പങ്കാളിത്തം ലഭിച്ചു.
വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് സാമ്പത്തിക ഗ്രാന്റുകൾ, വിതരണസഹായം, ഫെലോഷിപ്പുകൾ, കാസ്റ്റിംഗ് സേവനങ്ങൾ, പോസ്റ്റ്-പ്രൊഡക്ഷൻ പിന്തുണ എന്നിവയും പ്രഖ്യാപിച്ചു.
പ്രധാന പുരസ്കാരങ്ങൾ:
മൂവിബഫ് പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡുകൾ ‘ആരാം നഗർ’, ‘കാരെങ്’, ‘ചകാചൗന്ദ്’ എന്നീ ചിത്രങ്ങൾ നേടി. ‘ഭായ് ബാൻഡ് (One Two Three Mic Check)’ എന്ന ചിത്രത്തിന് റീബോൺ ഇന്ത്യ ഫിലിം ഡിസ്ട്രിബ്യൂഷൻ അവാർഡും ലഭിച്ചു.
റഷ്യ പങ്കാളിത്ത രാജ്യമായിരുന്ന ഇത്തവണത്തെ വേവ്സ് ഫിലിം ബസാറിൽ 12 സംസ്ഥാന പവലിയനുകളും നാല് രാജ്യങ്ങളുടെ പവലിയനുകളും ഒരുക്കിയിരുന്നു. 22 മാർക്കറ്റ് സ്റ്റാളുകളും പ്രവർത്തിച്ചു.
നെറ്റ്ഫ്ലിക്സ്, ഡോൾഫിൻ എ.ഐ തുടങ്ങിയ കമ്പനികൾ സാങ്കേതികവിദ്യാ വിഭാഗത്തിൽ പങ്കെടുത്തു. മാധ്യമം, വിനോദം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പത്ത് സ്റ്റാർട്ടപ്പുകളെ വേവ്എക്സ് സ്റ്റാർട്ടപ്പ് ഷോകേസ് പരിചയപ്പെടുത്തി.
പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ 299-ലധികം കൂടിക്കാഴ്ചകൾ നടത്തിയതായും ആറ് സ്റ്റാർട്ടപ്പുകളിലായി ഒരു ധാരണാപത്രം ഉൾപ്പെടെ 14 ഇടപാടുകളും കരാറുകളും നടന്നതായും റിപ്പോർട്ട് ചെയ്തു.
നവംബർ 21 മുതൽ 24 വരെ നടന്ന നാല് ദിവസത്തെ നോളജ് സീരീസിൽ 127-ഓളം പാനലിസ്റ്റുകളും 17 മോഡറേറ്റർമാരും പങ്കെടുത്തു. നെറ്റ്ഫ്ലിക്സ് ഇന്ത്യ, പ്രൈം വീഡിയോ, ആമസോൺ MGM സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെഷനുകളുടെ ഭാഗമായി.
ഇന്ത്യൻ കഥകളുടെ ആഗോള സാധ്യതകൾ, OTT-യിലെ പുതിയ പ്രവണതകൾ, സ്വതന്ത്ര സിനിമ, അന്താരാഷ്ട്ര സംയുക്ത നിർമ്മാണം, സിനിമാ ധനസഹായം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), AVGC-XR, മാധ്യമ-വിനോദ മേഖലയിലെ പുതിയ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, OTT മേഖലയിലെ പ്രമുഖർ, വിതരണക്കാർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ചർച്ചകളിൽ പങ്കെടുത്തു.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സിനിമാ മേഖലയ്ക്ക് കൂടുതൽ സാധ്യതകൾ തുറക്കുമെങ്കിലും മനുഷ്യന്റെ സർഗാത്മകതയ്ക്കും വികാരങ്ങൾക്കും പകരമാകാൻ അവയ്ക്ക് കഴിയില്ലെന്ന് IFFI ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ അഭിപ്രായപ്പെട്ടു.
ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുന്ന ഉപാധിയായി മാത്രമാണ് AI-യെ കാണേണ്ടതെന്നും മനുഷ്യന്റെ ഇടപെടലിന് പകരമായി അതിനെ ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മുന്നേറ്റങ്ങൾ സിനിമയുടെ ആവിഷ്കാര സാധ്യതകൾ വർധിപ്പിക്കുമ്പോഴും ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന സിനിമകളുടെ പ്രസക്തി നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യൻ സിനിമകൾക്ക് വേവ്സ് ഫിലിം ബസാർ നൽകുന്ന പിന്തുണയെക്കുറിച്ച് ശ്രീരാഗ് എം സംസാരിച്ചു. ബസാറിന്റെ പിന്തുണയിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ‘ആട്ടം’, ‘ബൂം’, ‘ആംഗ്’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം പരാമർശിച്ചു.
ഫിലിം മാർക്കറ്റിൽ നടന്ന കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും ഫലങ്ങൾ അടുത്ത വർഷങ്ങളിലായി ദൃശ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രഭാത് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ശ്രീ സയ്യിദ് റബീഹാഷ്മി മോഡറേറ്ററായിരുന്നു.
കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സമാപിച്ചു; 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു അങ്കമാലി:…
പനജി: സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സർഗാത്മകവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന വിപുലമായ വേദിയായി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)…
തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ…
തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കുന്ന 'ന്യൂട്രീ ട്യൂബർ കേരളം' പദ്ധതി നടപ്പാക്കുമെന്ന് കൃഷിവകുപ്പ്…
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതവും സമത്വാധിഷ്ഠിതവുമായ സമൂഹം കെട്ടിപ്പടുക്കണമെന്ന സന്ദേശവുമായി തലസ്ഥാനത്ത് 'ഓറഞ്ച് ദ വേൾഡ്'…
തിരുവനന്തപുരം | 25 നവംബർ 2026 അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്…