അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാർഗിയുടെ നാട്യഗൃഹത്തിൽ കഴിഞ്ഞ ദിവസം പുതിയൊരു ചരിത്രം മുദ്ര ചാർത്തി. നങ്ങ്യാർകൂത്തിൽ ആദ്യമായി ഒരു മുസ്ലിം യുവതിയുടെ അരങ്ങേറ്റം. കഥ ശ്രീകൃഷ്ണലീല. മാർഗി ഉഷയാണ് ഗുരു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് ഷിബിന റംല (37). ബംഗളൂരുവിലെ ക്രാഫ്റ്റോൺ ഇന്ത്യ കമ്പനിയുടെ എച്ച്.ആർ. അസോസിയേറ്റ് ഡയറക്ടറാണ്. ചെറുപ്പത്തിലേ നൃത്തത്തോട് താത്പര്യമായിരുന്നു. മോഹിനിയാട്ടവും പാശ്ചാത്യനൃത്തവും പഠിച്ചിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് സമൂഹമാദ്ധ്യമം വഴിയാണ് നങ്ങ്യാർകൂത്ത് പഠിപ്പിക്കുന്ന മാർഗി ഉഷയെപ്പറ്റി അറിയുന്നത്. മോഹം കലശലായതോടെ ഗുരുവിനെ വിളിച്ച് സംസാരിച്ചു. കൊവിഡ് കാലത്ത് ഓൺലൈൻ പഠനം. സൂമിൽ ആഴ്ചയിൽ മൂന്ന് ക്ലാസ്. മുദ്രകളും സംസ്കൃത ശ്ലോകങ്ങളും ഹൃദിസ്ഥമാക്കി. ജോലി കഴിഞ്ഞ് ബംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്കിൽ രണ്ടു മണിക്കൂറിലേറെ കിടക്കേണ്ടി വരും. അതിനുശേഷം രാത്രിയിലായിരുന്നു പഠനം.
എന്റെ സ്വഭാവത്തിലെ കുട്ടിത്തം കണ്ടാണ് ടീച്ചർ ശ്രീകൃഷ്ണലീല പഠിപ്പിച്ചത്.
പുഞ്ചിരിയോടെ ഷിബിന പറയുന്നു. ശ്രീകൃഷ്ണനിൽ ഷിബിനയ്ക്ക് ഏറ്റവും പ്രീയപ്പെട്ടതും കുസൃതി തന്നെ. മൂന്നാഴ്ച മുമ്പാണ് വലിയശാല മാർഗി കൂടിയാട്ട വിദ്യാലയത്തിലെത്തി അരങ്ങേറ്റത്തിന്റെ മിനുക്കുപണി നടത്തിയത്. ബംഗളൂരുവിൽ എൻജിനിയറായ ഭർത്താവ് സുരാജും നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൾ മിഹിരയും അരങ്ങേറ്റത്തിന് എത്തി.
കലയ്ക്ക് ജാതിയും മതവും ഇല്ല. പ്രവേശനമുള്ള അമ്പലങ്ങളിൽ പോകാറുണ്ട്. അമ്പലത്തിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ സന്തോഷമെന്ന് ഷിബിന റംല പറയുമ്പോൾ അതൊരു ആശ്വാസമാണ്. വേലിക്കെട്ടുകളും മതിൽക്കെട്ടുകളും തകർത്തുകൊണ്ട് ശുദ്ധമായ കല അംഗീകരിക്കപ്പെടുന്നുവെന്ന ആശ്വാസം.
ചിത്രങ്ങള്‍: ബിജു ജോസ്വിന്