തിരുവനന്തപുരം∙ കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിച്ച് കായിക താരങ്ങള്‍. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം കൂടിയെന്ന് കണ്ടെത്തൽ. 390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്പന നടത്തുന്നത്. തമിഴ്നാട് അതിര്‍ത്തി കടന്നും കേരളത്തിലേക്ക് മെഫന്‍ട്രമിന്‍ എത്തുന്നുണ്ടെന്നാണ് വിവരം.
3500 പേര്‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുമായി ഒരു വടംവലി താരം പൊലീസിന്റെ പിടിയിലായതോടെ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത്തേതുടർന്ന് സംസ്ഥാന വടംവലി അസോസിയേന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മരുന്നുപയോഗം കണ്ടെത്താൻ കോര്‍ട്ടുകളില്‍ സംവിധാനമില്ല.
കായികധ്വാനം ആവശ്യമുള്ള പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ലഹരി മരുന്നുകളുടെ പട്ടികയിൽ മെഫന്‍ട്രമിന്‍ സള്‍ഫേറ്റിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് ഇത്തരം മരുന്നുകൾ