കൊച്ചി: നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കരാത്തെ അടക്കമുള്ള ആയോധനകലകള്‍ അഭ്യസിച്ചിട്ടുള്ള മുബാറക്ക് മറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നെന്ന് എന്‍.ഐ.എ. അറിയിച്ചു. നേതാക്കളെ വധിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തി.
റെയ്ഡുമായി ബന്ധപ്പെട്ട് ഒരേയൊരു അറസ്റ്റ് എറണാകുളം എടവനക്കാട് അഴിവേലിക്കകത്ത് അഡ്വ. മുഹമ്മദ് മുബാറക്കിന്റേതാണ്. ഇയാളുടെ വീട്ടില്‍ ആയുധം കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍.ഐ.എ. ഓഫീസിലേക്ക് മാറ്റി ചോദ്യംചെയ്തിരുന്നു. മഴുവും വടിവാളുമടക്കമുള്ള ആയുധങ്ങളായിരുന്നു മുബാറക്കിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ബാഡ്മിന്റണ്‍ റാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളെക്കുറിച്ചും വധഗൂഢാലോചനകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് മുബാറക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ എന്‍.ഐ.എ. ലക്ഷ്യമിടുന്നത്.
അറസ്റ്റിലായ മുബാറക്കിനെ അടുത്തമാസം മൂന്നാം തീയതിവരെ റിമാന്‍ഡ് ചെയ്തു. അതിനുശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് എന്‍.ഐ.എ. തീരുമാനം. ഹൈക്കോടതി അഭിഭാഷകനാണ് മുബാറക്ക്.