തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎം നിലപാടെടുത്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെന്ന സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് യോഗത്തിൽ വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്തമാക്കി.
‘യോഗത്തിൽ രണ്ട് കാര്യങ്ങളിൽ തീരുമാനമായി. ഒന്ന് മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്. നിലവിൽ രണ്ട് കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിന് വിടുകയാണ്. അതുസബംന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രണ്ടാമത്തേത് കത്തെഴുതിയത് താൻ ആണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കാൻ ധാരണയായിട്ടുണ്ട്.’– തദ്ദേശമന്ത്രി പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായാണ് ഡി.ആർ.അനിൽ കത്തു നൽകിയത്. കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി നൽകി. മേയർ എഴുതിയതായി പറയപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും നിലപാടെടുത്തു. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ ബിജെപിയും കോൺഗ്രസും കോർപറേഷനു മുന്നിൽ സമരം തുടങ്ങി. രണ്ടുമാസമായി തുടരുന്ന സമരത്തിൽ സേവന പ്രവർത്തനങ്ങൾ തടസപ്പെട്ടതോടെയാണ് സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്.