“അമ്മേ, എനിക്ക് കണക്ക് പരീക്ഷക്ക് ഫുൾ മാർക്സ് കിട്ടിയില്ലേൽ അമ്മക്ക് എന്നോട് ദേഷ്യം വര്വോ?”
ഇത്തിരി വിഷമത്തോടെ ആണ് അഞ്ചാം ക്ലാസുകാരി അമ്മുക്കുട്ടി അമ്മയോട് ഈ ചോദ്യം ചോദിച്ചത്. അമ്മുകുട്ടീടെ സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ കണക്ക് ടീച്ചറാണ് അമ്മ ദേവി.
” ഇല്ലല്ലോ, അമ്മുക്കുട്ടിക്കിപ്പോ എന്താ ഇങ്ങനൊരു സംശയം? “
” അത് അമ്മേ…. “
“ഹ പറയെടോ ഞാൻ അല്ലെ തന്റെ ബെസ്റ്റ് ഫ്രണ്ട്. അപ്പൊ എന്നോട് പറയാൻ എന്തിനാ ഈ മടിയും പേടിയുമൊക്കെ. “
അമ്മയുടെ വാക്കുകൾ കേട്ടപ്പോ അമ്മുക്കുട്ടിക്ക് ആശ്വാസമായി.
” അല്ല അമ്മേ എനിക്ക് മാത്‍സ് എക്സാമിന് അഞ്ചു ചാപ്റ്റേഴ്സ് ഉണ്ട്. എല്ലാം കൂടി ആകെ കൺഫ്യൂഷൻ. നാളെ എല്ലാം ശരിയായിട്ട് എഴുതിയില്ലേൽ മാർക്ക് കുറയൂലെ. അപ്പൊ അമ്മ എന്നോട് പിണങ്ങില്ലേ. പനി വന്നപ്പോ എനിക്ക് കുറെ ക്ലാസ്സ് മിസ്സ് ആയില്ലേ. എല്ലാം കൂടി പഠിച്ചെടുത്തപ്പോ പറ്റണില്ല അമ്മേ. എനിക്ക് നല്ല പേടി. അമ്മ ഡൌട്ട്സ് ഒക്കെ ക്ലിയർ ചെയ്തു തന്നെങ്കിലും ഞാൻ ഒക്കെ മറന്നു പോകുന്നു. ടെൻഷൻ കൊണ്ടാണോ എന്തോ. പേടി ആകുന്നമ്മേ “.
” അയ്യേ, ഇത്ര സില്ലി കാര്യത്തിനാണോ അമ്മേടെ മുത്ത് ഇങ്ങനെ വിഷമിക്കണേ? അല്ല ഇപ്പൊ ഫുൾ മാർക്ക് കിട്ടിയില്ലേൽ ഞാൻ പിണങ്ങുമെന്ന് തോന്നാൻ എന്താ കാരണം. അമ്മ എപ്പോഴേലും പറഞ്ഞിട്ടുണ്ടോ മാർക്ക് കുറഞ്ഞാൽ പിണങ്ങുമെന്ന്? മോള് രണ്ട് ആഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നില്ലേ. അത് കഴിഞ്ഞും വീട്ടിൽ റെസ്റ്റിൽ അല്ലായിരുന്നോ. അപ്പൊ എല്ലാം കൂടി പഠിച്ചെടുക്കൻ ബുദ്ധിമുട്ടുണ്ടാകും എന്ന് അമ്മയ്ക്കും അറിയാല്ലോ. അത് കൊണ്ടല്ലേ അമ്മ ഇത്തവണത്തെ പരീക്ഷയെ കുറിച്ച് ഒന്നും പറയാത്തത്. മോൾക്ക് പറ്റുന്നത് പോലെ എഴുതിയാൽ മതി. മാർക്ക് അല്പം കുറഞ്ഞാലൊന്നും അമ്മക്ക് ഒരു കുഴപ്പവുമില്ല. അമ്മേടെ മോൾ മിടുക്കി കുട്ടി അല്ലെ. അല്ല ഇനി എങ്ങാനും മാർക്ക് കുറഞ്ഞാൽ മോൾക്ക് വിഷമമാണോ? “
“അതല്ല അമ്മേ. ഇന്ന് വരെ എനിക്ക് കണക്കിന് മാർക്ക് കുറഞ്ഞിട്ടില്ല. അത് കൊണ്ട് ഒരു വിഷമം. പിന്നെ ടീച്ചർ പേപ്പർ തരുമ്പോ മാർക്ക് വിളിച്ചു പറയുകയും ചെയ്യും. കുറവാണേൽ അത് നാണക്കേടല്ലേ. ഫ്രണ്ട്‌സ് ഒക്കെ കളിയാക്കല്ലേ? അത് എനിക്ക് സഹിക്കാൻ പറ്റില്ല അമ്മേ. പിന്നെ അമ്മയുടെ സബ്ജെക്ട് ഉം മാത്‍സ് അല്ലെ. അമ്മയ്ക്കും നാണക്കേടാവില്ലേ മോൾക്ക് മാർക്ക് കുറഞ്ഞാൽ. ടീച്ചേർസ് ഒക്കെ ചോദിക്കില്ലേ എന്താ ദേവി മോളെ നല്ലോണം പഠിപ്പിക്കാത്തത് എന്ന് “.
” ഇയാൾ ഇത്രക്കെ ഉള്ളോ.. ഇങ്ങു വാടോ. കണക്കിന് മാത്രമേ ഉള്ളോ ഈ പേടി അതോ മറ്റു വിഷയങ്ങളും ഇങ്ങനാണോ? “
“മാത്‍സ് മാത്രമാണ് കൺഫ്യൂസിങ്. ബാക്കി ഒക്കെ ഞാൻ പഠിച്ചെടുത്തു.”
” മോൾ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഉണ്ട്. ഈ ഹാഫ് ഇയർലി എക്സാം ഒക്കെ ഓർത്തു ഇത്രേം ടെൻഷൻ അടിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. മാർക്ക് അല്പം കുറഞ്ഞാൽ ആരും മോളെ കളിയാക്കില്ല . അമ്മയോടും ആരും ഒന്നും ചോദിക്കില്ല. ടീച്ചേഴ്സിനും അറിയാല്ലോ സുഖമില്ലാതിരുന്നതാണ് കാരണം എന്ന്.ഇത്രേം നാളത്തെ അക്കാഡമിക് പെർഫോമൻസ് ഉം അവർക്കും അറിയാം .ഇനി അഥവാ ആരേലും എന്തേലും ചോദിച്ചാൽ ധൈര്യമായി പറയണം അടുത്ത പരീക്ഷക്ക് ഈ ചോദ്യങ്ങൾക്കൊക്കെ ഉള്ള മറുപടി നൽകുമെന്ന്. ഒരു എക്സാം നു മാർക്ക് കുറഞ്ഞെന്നു കരുതി ഒരിക്കലും തളർന്നു പോകരുത്. അങ്ങനെ തളർന്നാൽ ആ തളർച്ചയിൽ നിന്ന് ഒരിക്കലും കര കേറാൻ ആകില്ല. ഇനി അങ്ങോട്ടുള്ള നാളുകളിൽ പരീക്ഷകളും പരീക്ഷണങ്ങളും ഒക്കെ ഒരിക്കലും എളുപ്പമുള്ളതാകില്ല. നമുക്ക് കിട്ടുന്ന മാർക്ക് മാത്രമല്ല ജീവിതത്തിൽ നമ്മെ വിലയിരുത്തുന്നത്. നമ്മുടെ പ്രവർത്തികളും പെരുമാറ്റാവുമാണ് നമ്മുടെ ഐഡന്റിറ്റി. തളരാതെ പോരാടുന്നവർക്കുള്ളതാണ് ഈ ലോകം. വരും വർഷങ്ങളിൽ മോൾ പഠിക്കും ‘ സർവിവൽ ഓഫ് ദി ഫിറ്റാടെസ്റ്റ് ‘ എന്ന്. പരാജയപ്പെട്ടാലേ നമുക്ക് വിജയിക്കാനാകൂ. പിന്നെ പഠിപ്പിക്കുമ്പോ അമ്മ വഴക്കൊക്കെ പറയുമായിരിക്കും. പക്ഷെ പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് പേപ്പർ കിട്ടുമ്പോ അമ്മ ഒന്നും പറയാറില്ലല്ലോ. എന്താണെന്നോ മാർക്ക് കിട്ടീട്ട് പിന്നെ തല്ല് തന്നിട്ടും വഴക്ക് പറഞ്ഞിട്ടും ഒന്നും ഒരു കാര്യോം ഇല്ല. അടുത്ത തവണ നല്ല മാർക്ക് വാങ്ങണം എന്ന് നീ മനസ്സിൽ കുറിച്ചാൽ മോൾക്കതിന് തീർച്ചയായും സാധിക്കും. പിന്നെ അമ്മ മാത്‍സ് ടീച്ചർ അല്ലേന്ന്. അമ്മയ്ക്കും എപ്പോഴും ഫുൾ മാർക്സ് ഒന്നും അല്ലായിരുന്നെന്നെ. ആ അമ്മ എങ്ങനാ മോളെ വഴക്ക് പറയണെ? അല്ല നാളത്തെ എക്സാമിന് ജയിക്കാനുള്ള മാർക്ക് കിട്ടൂലെ? “
” അയ്യോ അമ്മേ അത്രേം ഒന്നും കുറയില്ല. ഞാൻ മാക്സിമം പഠിക്കാൻ ട്രൈ ചെയ്തിട്ടുണ്ട്. “
” ഹാ അതാണ് വേണ്ടത് നമ്മുടെ പാർട്ട് നമ്മൾ നല്ലോണം ചെയ്യണം ബാക്കി ഒക്കെ വരുന്നപോലെ വരട്ടെ. ഒന്ന് ചിരിക്കെടോ … തല പോകുന്ന കേസ് ഒന്നും അല്ലാലോ…. കിട്ടുന്നത് കിട്ടട്ടെ ബാക്കി നമുക്ക് അടുത്ത യൂണിറ്റ് ടെസ്റ്റ് നും ഫൈനൽ എക്സമിനും കൂടി സെറ്റ് ആക്കാമെന്നെ. മോള് പോയി ടെൻഷൻ ഒന്നും അടിക്കാതെ സുഖമായി കിടന്നുറങ്ങു. എന്നിട്ട് ഒരു ടെൻഷനും ഇല്ലാതെ നാളെ പോയി പരീക്ഷ എഴുതിക്കെ. എന്തിനും ഈ അമ്മ ഇല്ലേ കൂടെ പിന്നെന്തിനാടോ അമൃതവാർഷിണി ഇയാൾ വിഷമിക്കുന്നെ. നാളെ എക്സാം കഴിഞ്ഞിട്ട് നമുക്ക് ഒരു ഫാലൂട കഴിക്കാൻ പോയാലോ? “
“എന്റെ അമ്മേ….അമ്മ മുത്താണ്… “
” മുത്തും പവിഴവും ഒക്കെ അവിടെ നിക്കട്ടെ… ഇയാള് ജയിക്കുവല്ലോ അല്ലെ… നാണം കെടുത്തല്ലേ…. “
” അയ്യോ ഈ അമ്മ…… “
ആര്യാ രാജേന്ദ്രൻ