ചരിത്രത്തെ മറവു ചെയ്ത് ദലിത് ജനതയുടെ സ്വത്വബോധം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതുകൊണ്ട് തന്നെ അടിസ്ഥാന ജനതയുടെ ചരിത്ര നിരാസത്തെ എതിര്‍ത്ത് തോല്പിക്കണമെന്നും ഡോ ടി ടി ശ്രികുമാര്‍ അഭിപ്രായപ്പെട്ടു. ഡി എച്ച് ആര്‍ എം കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപിച്ച ഡോ ബി ആര്‍ അംബേദ്‌കര്‍ ഇന്മദിനാഘോഷവും ഡി എച്ച് ആര്‍ എം സ്ഥാപക നേതാവ് തത്തു അണ്ണന്റെ ജന്മദിനത്തോടും അനുബന്ധിച്ച് നടത്തിയ പിറവിദിന മഹോത്സവം തിരുവനന്തപുരം യജമാന്‍ അയ്യന്‍കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവസരസമത്വം ദലിതര്‍ക്കു കുടി ലഭ്യമാക്കുന്ന തരത്തിലേക്ക് ക്ഷേമരാഷ്ട്ര സങ്കല്‍പത്തെ പുനര്‍ നിര്‍ണയിച്ച അംബേദ്കറുടെ അതേ ചിന്തകൾ തന്നെയാണ് തത്തു അണ്ണനെയും നയിച്ചിരുന്നത്. ഇത്തരം മഹത് വ്യക്തിത്വങ്ങളുടെ ചരിത്രം ഇല്ലായ്മ ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെന്നും അത് അനുവദിച്ചു കുടെന്നും അദ്ദേഹം പറഞ്ഞു.
ഇടതു പക്ഷത്തിന്റെ നവസവര്‍ണ സാമൂഹ്യ നിര്‍മിതിയിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ ദലിതരെ പഠിപ്പിച്ച ദാര്‍ശനികനായിരുന്നു തത്തു അണ്ണനെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ ജെ ദേവിക അഭിപ്രായപ്പെട്ടു. ഭരണകൂട ദാസ്യത്തിന് മുന്നില്‍ അടിമപ്പെടാതെ അടിസ്ഥാന ജനതയെ അത്മാഭിമാനികളാകാന്‍ തത്തു അണ്ണന്‍ ദലിതരെ പഠിപ്പിച്ചുവെന്നം ഡോ ദേവിക പറഞ്ഞു.
അംബേദ്കര്‍ സ്‌കോളര്‍ഷിഷ് പദ്ധതിയുടെ ഒദ്യോഗിക ഉദ്ഘാടനവും വിതരണവും എഴുത്തുകാരന്‍ എം. ബി. മനോജ് നിര്‍വഹിച്ചു. ഡി എച്ച്‌ആര്‍ എം കേരള സംസ്ഥാന ഓര്‍ഗനൈസര്‍ സജി കൊല്ലം അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വാവാ സുരേഷ്, ഡോ എം ബി മനോജ്, ഡി എസ് എസ് കേരള സംസ്ഥാന ചെയര്‍പേഴ്സണ്‍ രേഷ്മ കരിവേടകം, അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര, മധു സമരസമിതി നേതാവ് വി എം മാര്‍സന്‍, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍, സാമൂഹ്യ പ്രവര്‍ത്തകൻ അനുരാജ് തിരുമേനി, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയലന്‍ നീലിപ്പാറ, അട്ടപ്പാടി മധുവിന്റെ അമ്മ മല്ലിയമ്മ, വാളയാര്‍ കുട്ടികളുടെ അമ്മ ഭാഗ്യവതി തുടങ്ങിയവര്‍ സംസാരിച്ചു. ഡി എച്ച് ആര്‍ എം കേരള സംസ്ഥാന ചെയര്‍പേഴ്സണ്‍ അശ്വതി ബാബു സ്വാഗതവും സെക്രട്ടറി ബൈജു പത്തനാപുരം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സജി കല്ലുവാതക്കല്‍ ശ്രീപാര്‍വതി എന്നിവര്‍ നയിച്ച നാടന്‍പാട്ടും വയനാട് കടുകുമണ്ണ ഊരിലെ മധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അവതരിപ്പിച്ച ഗോത്രകലാമേളയും അരങ്ങേറി.