ഭിന്നശേഷിക്കുട്ടികളില്‍ ഭാഷാ നൈപുണി വളര്‍ത്താന്‍ കൈകോര്‍ത്ത് മലയാളം സര്‍വകലാശാലയും ഡിഫറഫന്റ് ആര്‍ട് സെന്ററും

തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ഭരതന്‍ കെ.എമ്മും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും തമ്മില്‍ ധാരണയായി. ഇതിനോടനുബന്ധിച്ച് ഇന്നലെ (വെള്ളി) ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം ഇരുസ്ഥാപനങ്ങളും ഒപ്പിട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയ്ക്കുവേണ്ടി ഭാഷാശാസ്ത്ര സ്‌കൂള്‍ ഡയറക്ടര്‍ ഡോ.സ്മിത കെ.നായര്‍, ഡിഫന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ഉടമ്പടികള്‍ പരസ്പരം കൈമാറി.

ചടങ്ങില്‍ കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ.പ്രൊ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാഷയും കലയും ഒരുമിച്ച് പഠിക്കുവാന്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ അവസരമാണ് ഈ ഉടമ്പടിയെന്നും ഭാഷയില്‍ ഒളിഞ്ഞിരിക്കുന്ന താളത്തെ തിരിച്ചറിഞ്ഞ് അതിലൂടെ സൈക്കോ മോട്ടോര്‍ തലങ്ങളിലെ വികാസം സാധ്യമാക്കാന്‍ ഈ പഠനപദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡീന്‍ ആന്റ് സീനിയര്‍ പ്രൊഫസര്‍ ഡോ.അച്യുത്ശങ്കര്‍ എസ്.നായര്‍, ലിംഗ്വിസ്റ്റ് ഡോ.മേരിക്കുട്ടി കെ.എം എന്നിവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ലിംഗ്വിസ്റ്റ് ഡോ.മേരിക്കുട്ടി തയ്യാറാക്കിയ ഭാഷാ പഠനത്തിനുള്ള ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും നടന്നു.

ഈ കരാറിലൂടെ ഇരുസ്ഥാപനങ്ങളും സഹകരിച്ച് അധ്യാപനത്തെ വികസിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മിലുള്ള പരസ്പരസഹകരണത്തോടെയുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, വിഭവശേഷികൈമാറ്റം നടത്തുക, ഭാഷാഭിന്നശേഷീപഠനമേഖലയില്‍ ഭാഷാവികാസത്തിലുണ്ടാകുന്ന കാലതാമസം, വിവിധതരം ഭാഷാഭിന്നശേഷികള്‍ തുടങ്ങിയവയുടെ പരിശോധനക്കാവശ്യമായ സാമഗ്രികള്‍ വികസിപ്പിക്കല്‍, തെറാപ്പി മൊഡ്യൂളുകള്‍ വികസിപ്പിച്ചെടുക്കല്‍, വിപുലമായ ഭാഷാഭിന്നശേഷീകോര്‍പ്പസ് നിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നത്.

error: Content is protected !!