കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ മഹാമേളയ്ക്ക് നാളെ തിരിതെളിയും

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7) തുടക്കമാകും.  ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ ആധുനിക മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്  ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം  ആശംസിക്കുന്ന ചടങ്ങിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) മുഖ്യപ്രഭാഷണം നടത്തും. 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ് ചടങ്ങിൽ മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ. രാജൻ, കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്,  സാഹിത്യകാരൻ ടി. പത്മനാഭൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തും.

പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്പീക്കർ എ. എൻ. ഷംസീറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവ്വഹിക്കും. ഉച്ചയ്ക്ക് 12ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാർന്ന ചർച്ചകളും സംവാദങ്ങളുമാണ് പുസ്തകോത്സവത്തിന്റെ ആദ്യദിനത്തിൽ ഒരുക്കിയിരിക്കുന്നത്. 12.30ന് നടക്കുന്ന ‘KLIBF ടോക്കിൽ’ ഡോ. ടി. എം. കൃഷ്ണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് ‘നേതാക്കൾ സാഹിത്യം വായിക്കുമ്പോൾ’ എന്ന വിഷയത്തിൽ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംവദിക്കും. വൈകിട്ട് 4ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘സഭയിലെ കാൽ നൂറ്റാണ്ട്’ എന്ന പാനൽ ചർച്ചയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ എന്നിവരടക്കം സഭയിലെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖും പ്രിയ കെ. നായരും തമ്മിലുള്ള സംവാദവും ഉച്ചയ്ക്ക് 2.45ന് നടക്കും.

കുട്ടികൾക്കായി പ്രത്യേക സ്റ്റുഡന്റ്സ് കോർണറും മാതൃകാ നിയമസഭയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്റ്റുഡന്റസ് കോർണറിന്റെ   ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് ഡെപ്യൂട്ടി സ്പീക്കർ നിർവ്വഹിക്കും. യൂണിസെഫ് പ്രോഗ്രാമിന് പുറമെ സമുദ്രയാത്രയിലൂടെ ശ്രദ്ധേയരായ ലെഫ്റ്റനന്റ് കമാൻഡർമാരായ ദിൽന കെ., രൂപ എ. എന്നിവരുമായുള്ള കൂടിക്കാഴ്ചയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെയ്യം, കളരിപ്പയറ്റ്, സംഗീത സന്ധ്യ  ഉൾപ്പെടെയുള്ള  കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിന് മിഴിവേകും. ആശയങ്ങളുടെ വിനിമയത്തിനും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും വേദിയൊരുക്കുന്ന ഈ അക്ഷരോത്സവം ജനുവരി 13 വരെ തുടരും.

Web Desk

Recent Posts

ഗോപകുമാറിനെ പ്രസ് ക്ലബ് അനുസ്മരിച്ചു

തിരുവനന്തപുരം: അന്തരിച്ച ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫറായിരുന്ന കെ ഗോപകുമാറിനെ തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കൾ അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച …

3 days ago

സിദ്ധ മേഖലയില്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്

സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: സിദ്ധയുടെ ചരിത്രം പരിശോധിച്ചാല്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെന്ന് കാണാന്‍…

7 days ago

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച…

7 days ago

പണിമൂല ദേവീ ക്ഷേത്ര പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി

പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ…

1 week ago

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി…

1 week ago

മോഹൻലാലിൻറെ അമ്മയുടെ വേർപാടിൽ മന്ത്രി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി

മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു…

1 week ago