പുസ്തകപ്പുഴു; പ്രിയ എസ് പൈ എഴുതിയ കവിത

ഒളിമങ്ങിയ

പുരാതനമാമൊരു

വായനശാലയിൽ

പുസ്തകക്കൂട്ടങ്ങൾക്കു

നടുവിലായൊരു

പുസ്തകപ്പുഴുവായ്

ഞാൻ ജനിച്ചുവീണു.

ജീർണ്ണിച്ച താളിന്റെ

ഗന്ധവുംപേറി

സ്മാരകംപോലെയാ

പുസ്തകത്തറവാടിനുള്ളിൽ

ചിതലുകൾക്കൊപ്പം

ഞാനുമാ പുസ്തകരുചിയറിഞ്ഞു.

ഹാസ്യസമ്രാട്ടാം കുഞ്ചന്റെ 

വരികളാഹരിച്ചു ഞാൻ

നർമ്മത്തിന്റെ സ്വാദറിഞ്ഞു.

മലയാളവാണിതൻ താതന്റെ

വരികൾ നുണഞ്ഞു ഞാൻ

നാടിന്റെ പേരിലൂറ്റംകൊണ്ടു.

കരുണയും നളിനിയും

വീണപൂവും ഭക്ഷിച്ചു

നാലഞ്ചുനാൾ വ്യഥയിലാണ്ടു.

ഗ്രന്ഥങ്ങളോരോന്നായ്

ഭുജിച്ചു ഞാൻ

പണ്ഡിതശ്രേഷ്ഠനായി.

രുചിയറിയാത്ത 

മാനവജന്മത്തിൻ

കഥയതു കഷ്ടമേ.

നാഭിയിലെ കസ്തൂരി

തിരയും മാനിനേപ്പോൽ.

Priya S Pai

error: Content is protected !!