KERALA

മാധ്യമപ്രവര്‍ത്തകനും അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡുമായിരുന്ന ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡ് ആയിരുന്ന ജി എസ് ഗോപീകൃഷ്ണന്‍ (48, ഏണിക്കര, പ്ലാപ്പള്ളി ലൈന്‍ ഇടി ആര്‍ എ-46, വസന്തഗീതം) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണന്‍ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത കഥകളി നടനായ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച്‌ മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കര്‍ണാട് രചിച്ച്‌ അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളില്‍ എത്തിയ അഗ്നിവര്‍ഷ എന്ന ബോളിവുഡ് ചിത്രത്തില്‍ എം ബി എസ് യൂത്ത് ക്വയറിലെ അംഗങ്ങള്‍ക്കൊപ്പം അഭിനേതാവായി. ഭാര്യ: നിഷ കെ നായര്‍(വാട്ടര്‍ അതോറിറ്റി പി ആര്‍ ഒ), മക്കള്‍: ശിവനാരായണന്‍, പത്മനാഭന്‍. ഭൗതികശരീരം നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഗോപീകൃഷ്ണന്റെ മരണം ഏറെ ദുഖകരമെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചനം അറിയിച്ചു. ദീര്‍ഘകാലം അമൃത ടിവിയിലും പിന്നീട് കൗമുദി ടിവിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപീകൃഷ്ണന്‍ മാധ്യമ മേഖലയ്ക്കു പുറത്തേക്കു സൗഹൃദം വളര്‍ത്തിയ വ്യക്തിത്വമായിരുന്നു. കേരളത്തിലെ സംഗീത മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച എംബിഎസ് യൂത്ത് ക്വയറില്‍ നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവര്‍ത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണന്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഠിനാധ്വാനിയെന്ന് ചെന്നിത്തല

ഗോപീകൃഷ്ണന്റെ ആകസ്മിക വേര്‍പാടില്‍ രമേശ് ചെന്നിത്തലയും അനുശോചനം അറിയിച്ചു. തന്റെ ജോലിയോട് അങ്ങേയറ്റം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന കഠിനാധ്വാനിയായ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ഗോപീകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു

കെ. സുരേന്ദ്രന്‍ അനുശോചിച്ചു

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. ദീര്‍ഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപികൃഷ്ണന്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു. മാദ്ധ്യമമേഖലയെ പോലെ സംഗീതത്തെയും സ്‌നേഹിച്ച ഒരു കലാആസ്വാദകനായിരുന്നു അദ്ദേഹം. ഗോപീകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്‍

മാദ്ധ്യമ പ്രവര്‍ത്തകന്‍ ജി.എസ് ഗോപീകൃഷ്ണന്റെ ആകസ്മിക വിയോഗം ഞെട്ടലോടെ ആണ് കേട്ടത്. എസിവിയിലും അമൃത ടി.വിയിലും കൗമുദി ടി.വിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപികൃഷ്ണന്‍ ഏറെ സുപരിചിതന്‍ ആണ്. സമൂഹത്തോട് പ്രതിബദ്ധത ഉള്ള മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന അദ്ദേഹം സംഗീതത്തെയും അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു. ആകര്‍ഷകമായ വ്യക്തിത്വമുള്ള അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഗോപീകൃഷ്ണന്റെ ഭാര്യ വാട്ടര്‍ അതോറിറ്റി PRO ആയ നിഷയെയും അടുത്ത് അറിയാം. ഈ വിഷമ ഘട്ടം താണ്ടാന്‍ നിഷക്കും മക്കള്‍ക്കും കുടുംബത്തിനും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഗോപീകൃഷ്ണന്റെ വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ വേദനയില്‍ ഞാനും പങ്കു ചേരുന്നു. പ്രാര്‍ത്ഥനകള്‍ …

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

മാധ്യമ രംഗത്തിനൊപ്പം കലാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.വലിയ സൗഹൃദബന്ധത്തിനു ഉടമയായിരുന്നു ഗോപീകൃഷ്ണന്‍.അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്ന ഗോപീകൃഷ്ണന്റെ വേര്‍പാട് മാധ്യമ മേഖലയ്ക്ക് ഒരു വലിയ നഷ്ടമാണ്.നല്ലൊരു കലാഹൃദയത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഗോപീകൃഷ്ണന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago