കേരളീയം പിറന്നു; കേരളീയര്‍ക്ക് ഒന്നിച്ചാഘോഷിക്കാന്‍ കേരളീയം എനി എല്ലാ വര്‍ഷവുമെന്ന് മുഖ്യമന്ത്രി

കേരളീയത്തിനു മുന്‍പും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും
അടുത്ത വര്‍ഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയില്‍ മോഹന്‍ലാലിന്റെ സെല്‍ഫി

കേരളത്തിന്റെ ലോകോത്തര സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയില്‍ ലോക മലയാളികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയത്തിനു തിരിതെളിച്ചു. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയമുണ്ടാകുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യന്‍ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡര്‍മാരുമായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും സാക്ഷികളായി.

കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇതു നിര്‍ഭാഗ്യവശാല്‍ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ ശരിയായ രീതിയില്‍ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന മനസ് കേരളീയര്‍ക്കുണ്ടാകണം. വൃത്തിയുടെ കാര്യം മുതല്‍ കലയുടെ കാര്യത്തില്‍ വരെ വേറിട്ടുനില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവര്‍ക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയണം.

അസാധാരണമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയ നാടാണു കേരളം. പലര്‍ക്കും അപ്രാപ്യമായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ട്. തനതു കലാരംഗങ്ങള്‍ മുതല്‍ ഐടി മേഖലവരെയും മത്സ്യോത്പാദനം മുതല്‍ ടൂറിസം വരെ തുടങ്ങി ഏതു മേഖല നോക്കിയാലും വലിയ സാധ്യതകളാണുള്ളതെന്നു കാണാം. ഭൂപരിഷ്‌കരണം മുതല്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ ജനകീയവത്കരണം വരെ ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം മാതൃകകളാണുള്ളത്. എന്നാല്‍ അതിവിപുലമായ ഈ നേട്ടങ്ങളോ സാധ്യതകളോ അവ അര്‍ഹിക്കുന്ന വിധത്തില്‍ ലോകം തിരിച്ചറിഞ്ഞിട്ടില്ല. ഇതു മറ്റൊരു വശമാണ്. ഈ രണ്ടു വശങ്ങളും മുന്‍നിര്‍ത്തി പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്കു കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്തു ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണു കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തെക്കുറിച്ച് അഭിമാനിക്കുക, കേരളീയതയെ ലോകസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നിവയാണ് കേരളീയത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകശ്രദ്ധ ഇവിടേയ്ക്കു കേന്ദ്രീകരിക്കുന്ന മുറയ്ക്കു കേരളത്തിന്റെ സമസ്ത രംഗങ്ങളിലേയും കുതിച്ചുചാട്ട സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുകയും ചെയ്യുമെന്നു മുഖ്യന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. ഒരു നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ആ നഗരം ഉയരുകയാണു ചെയ്യുന്നത്. ലോകത്തെ മഹത്തായ കലാസാംസ്‌കാരിക പരിപാടികള്‍ക്കു വേദിയാകുന്ന നഗരങ്ങളുടെ അനുഭവമിതാണ്. ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന നഗരങ്ങളുണ്ട്. അവ നമുക്കു മാതൃകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുകള്‍ കലയിലൂടെ ഉണക്കുകയെന്ന ലക്ഷ്യത്തോടെ 1947ല്‍ ആരംഭിച്ച എഡിന്‍ബറ ഇന്റര്‍നാഷണല്‍ ഫെസിറ്റിവല്‍ പിന്നീട് ആ സ്‌കോട്ടിഷ് നഗരത്തിന്റെ സാമ്പത്തിക സ്രോതസായി മാറി. ബ്രിട്ടിഷ് സമ്പദ്ഘടനയ്ക്കു 300 ദശലക്ഷം പൗണ്ട് സംഭാവന ചെയ്യുന്ന മഹാമേളയാണ് ഇപ്പോള്‍ എഡിന്‍ബെറ ഫെസ്റ്റിവല്‍. ബ്രിട്ടിഷ് സര്‍ക്കാര്‍ ഫണ്ട് നല്‍കി നടത്തുന്ന ഫെസ്റ്റിവലാണിത്. അഞ്ചു ദശലക്ഷം പേര്‍ ഇവിടെ നന്ദര്‍ശിക്കുന്നുവെന്നാണു കണക്കുകള്‍. ഈ ഫെസ്റ്റിവലിന്റെ ഗുണംലഭിക്കുന്നത് തദ്ദേശീയ ജനതയ്ക്കും വ്യാപാരികള്‍ക്കും ടൂറിസം രംഗത്തിനും സമ്പദ്ഘടനയ്ക്കുമാണ്. അവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന കലകളിലൂടെ സാംസ്‌കാരികമായിക്കൂടി ആ നാടും നഗരവും വളരുന്നു. വെനീസ് ബിനാലെ മറ്റൊരു മാതൃകയാണ്. കോവിഡ് കാലത്തിനു ശേഷം സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട നഗരത്തെ പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ വെനീസ് ബിനാലെയെ ഉപയോഗിച്ചു. വെനീസിലെ 140 പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ കലാകാരന്മാരെയും അന്താരാഷ്ട്ര സന്ദര്‍ശകേരയും സ്വീകരിച്ചു ബിനാലെയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളെയും നഗരത്തിലെ വ്യാപാരികളെയും ഇതിലേക്ക് അണിചേര്‍ത്തു. അതോടെ ബിനാലെ വെനീസിന്റെ സാമ്പത്തിക രംഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

വേള്‍ഡ് ഇക്കോണമിക് ഫോറം സംഘടിപ്പിക്കുന്ന ദാവോസിലെ പ്രധാന വേദികളിലെ റസ്റ്ററന്റുകളും ഷോപ്പുകളും രാജ്യങ്ങളും കമ്പനികളും ഏറ്റെടുക്കുന്നു. അവിടെ പാനല്‍ ചര്‍ച്ചകളും സെമിനാറുകളും വാണിജ്യ കരാറുകളും യാഥാര്‍ഥ്യമാകുന്നു. അറുന്നൂറിലേറെ മുന്‍നിര കമ്പനികളിലെ സിഇഒമാരും 51 രാഷ്ട്രത്തലവന്മാരും ഈ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. യുദ്ധമുറിവ് ഉണക്കാനും സാമ്പത്തിക മാന്ദ്യം അകറ്റാനും വിഘടിച്ച ലോകത്തെ കൂട്ടിയിണക്കാനും ശ്രമിക്കുന്ന ഈ മേളകളിലെ മികച്ച കാര്യങ്ങള്‍ സ്വാംശീകരിച്ച് കേരളീയത്തെ ഒരു ലോകോത്തര ബ്രാന്‍ഡാക്കി വളര്‍ത്തിയെടുക്കണം.

ലോകജനത ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാത്ത, ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട ഒട്ടേറെ സവിശേഷതകള്‍ കേരളത്തിലുണ്ട്. ചവിട്ടിത്താഴ്ത്തപ്പെട്ടവരെ വരവേല്‍പ്പു നല്‍കുന്ന മഹാബലി സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ദേശീയോത്സവമായ ഓണം ഒന്നാന്തരം ഉദാഹരണമാണ്. ക്രിസമസും ബക്രീദും ഓണവുമെല്ലാം ഒറ്റമനസായി ആഘോഷിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. തെയ്യവും തിറയും പെരുങ്കളിയാട്ടവുമൊക്കെയടങ്ങുന്ന എത്ര ഉദാഹരണങ്ങള്‍. ഇന്ത്യന്‍ ചികിത്സാ സമ്പ്രദായമായിരിക്കെത്തന്നെ തനിമയോടെ നാം വളര്‍ത്തിയെടുത്ത ആയുര്‍വേദം തുടങ്ങി എന്തെല്ലാമുണ്ട്  ഇവിടെ. മലയ്ക്കും അലയ്ക്കുമിടയിലുള്ള മലയാളക്കരയിലെ ജലസമൃദ്ധിയും ധാന്യസമൃദ്ധിയും ഹരിതാഭയും മിത ശീതോഷ്ണാവസ്ഥയും സുഖകരമായ ആവാസവ്യവസ്ഥയും വൈവിധ്യമാര്‍ന്ന നാട്ടുഭക്ഷണ രീതികളും നാട്ടു ഭാഷണ രീതികളും ചേര്‍ന്ന് എന്തെല്ലാമുണ്ട്. വിവിധങ്ങളായ സംസ്‌കാരങ്ങളുടെ സംഗമം, രഞ്ജിപ്പന്റേതായ ജീവിതത്തിനു തളിരിടാന്‍പറ്റിയ സാംസ്‌കാരിക, രാഷ്ട്രീയ, ഭൗതിക പരിസരങ്ങള്‍ തുടങ്ങി എല്ലാം കേരളത്തിന്റെ നാല് അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുനിന്നാല്‍ പോര.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാളും തീയുമായി വിവിധ വിശ്വാസ വിഭാഗങ്ങള്‍ പരസ്പരം ആക്രമിച്ചു നശിക്കുമ്പോള്‍ ഇവിടെ നാം രൂപപ്പെടുത്തിയ സാംസ്‌കാരിക സമന്വയത്തിന്റെയും മതനിരപേക്ഷ ഐക്യത്തിന്റെയും അന്തരീക്ഷം അവര്‍ക്കൊക്കെ മാതൃകയാക്കാവുന്നതാണ്. ലോകത്തിന്റെ പലഭാഗങ്ങളിലെയും വംശീയ സംഘര്‍ഷങ്ങള്‍ക്കുള്ള ഒറ്റമൂലിയാകുന്ന ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന നമ്മുടെ പ്രത്യേകതയും ആ ബോധം വളര്‍ത്തിയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ പൈതൃകവും ലോകമാകെ ശ്രദ്ധിക്കേണ്ടതാണ്. വിശ്വ സംസ്‌കാരത്തിന്റെ മിനിയേച്ചര്‍ മാതൃക കേരളത്തിലുണ്ടെന്നു ലോകത്തോടു വിളിച്ചു പറയാന്‍ കഴിയണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് ആ പ്രദേശങ്ങളുടെയെല്ലാം വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള പ്രവാസി സമൂഹത്തെയും അവരുടെ സാംസ്‌കാരികതയേയും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ലോകത്ത് മറ്റ് ഏതു ജനതയുണ്ട് ഇങ്ങനെ ?. പലയിടങ്ങളില്‍പ്പോയി തേന്‍ സംഭരിക്കുന്ന തേനീച്ചകളെപ്പോലെയാണു മലയാളികള്‍. പലയിടങ്ങളില്‍പ്പോയി ജീവിച്ച് അവിടെനിന്നു ലഭിക്കന്ന അറിവുകളെയും വിഭവങ്ങളെയും നമ്മുടെ സമൂഹത്തിനുവേണ്ടി ഉപയോഗിച്ച് നാം നമ്മളെ ശക്തിപ്പെടത്തുന്നു. ഇങ്ങനെ നെയ്തെടുത്ത ഒരു ജീവിതക്രമം മലയാളക്കരയിലല്ലാതെ മറ്റെങ്ങുമില്ല എന്നതാണു വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ തലങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരണം. അതിന്റെ ഭാഗമായാണു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നത്. നവകേരള നിര്‍മിതിയുടെ ഭാഗമായി ലോകത്തിന്റെ ഏതു ഭാഗത്തെ ജനതയോടും മത്സരിച്ചു നില്‍ക്കാനും വിജയിക്കാനും വൈജ്ഞാനികമായി പ്രാപ്തമായ തലമുറയെ വാര്‍ത്തെടുക്കണം. അതിന് ഉതകും വിധം ലോകത്തിന്റെയാകെ അറിവുകളും അനുഭവങ്ങളും സ്വാംശീകരിക്കണം. അതിനായി ലോകത്തെയാകെ കേരളത്തിലേക്ക് ആകര്‍ഷിക്കണം. ഇതിനുള്ളതാണു കേരളീയം. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നു കരുതുന്ന ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴ്പ്പെടുത്താം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലത് തങ്ങള്‍ക്കുണ്ടെന്ന ബോധമാണു ചെറുത്തുനില്‍ക്കാന്‍ കരുത്തു നല്‍കുന്നത്. അതാണു കേരളീയത. കേരളീയത എന്ന നമ്മുടെ ആത്മാഭിമാനത്തെ ഉദ്ദീപിപ്പിക്കുന്നതാകും കേരളീയം. കേരളീയത്തിനു മുന്‍പും ശേഷവും എന്ന രീതിയില്‍ കേരള ചരിത്രം രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളീയത്തില്‍ പങ്കുചേരാനും ഭാവി കേരളത്തിന് ഉതകുന്ന ആശയങ്ങളും അറിവുകളും പകര്‍ന്നുനല്‍കാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദഗ്ധര്‍, പണ്ഡിതര്‍, പ്രതിഭകള്‍ തുടങ്ങി ഇതിലേക്ക് എത്തുന്ന എല്ലാവരേയും കേരളം സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കലാമണ്ഡലം അവതരിപ്പിച്ച കേരളീയ ഗാന നൃത്താവിഷ്‌കാരത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. കേരളീയവുമായി ബന്ധപ്പെട്ടു ഷാജി എന്‍. കരുണ്‍ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കേരളത്തനിമയുടെ ആവിഷ്‌കാരമായ 42 പ്രദര്‍ശന നഗരികള്‍, നവകേരളത്തിന്റെ രൂപരേഖയൊരുക്കുന്ന സെമിനാറുകള്‍, ചലച്ചിത്രോത്സവം, പുഷ്പോത്സവം, ട്രേഡ് ഫെയറുകള്‍, കലാപരിപാടികള്‍ തുടങ്ങി നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴു സുന്ദര രാപ്പകലുകളിലായി കേരളീയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നു ചടങ്ങിനു സ്വാഗതം ആശംസിച്ച കേരളീയം സംഘാടക സമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രിയുമായ വി. ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ പുതു തലമുറയ്ക്കു പുതിയ കേരളം എന്താണെന്നറിയാനുള്ള വാതിലാകും കേരളീയമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളീയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ മുഖ്യമന്ത്രിയുമായി വേദിയില്‍വച്ച് സെല്‍ഫിയെടുത്തു. അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണാര്‍ഥമാണിതെന്നു സെല്‍ഫിയെടുത്തുകൊണ്ടു മോഹന്‍ലാല്‍ പറഞ്ഞു.

സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്കു കൈമാറി. കേരളീയത്തിന്റെ ബ്രോഷര്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍, സജി ചെറിയാന്‍, ഡോ. ആര്‍. ബിന്ദു, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, മേയര്‍ ആര്യ രാജേന്ദ്രന്‍, യു.എ.ഇ. അംബാസിഡര്‍ അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ശാലി, ദക്ഷിണ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജസ് മെദീന, വിയറ്റ്നാം പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ട്രാന്‍ താന്‍ ഹൂണ്‍, എം.പി. മാര്‍ എം എല്‍ എ മാര്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ ,എം.എ. യൂസഫലി, രവിപിള്ള, എം.വി പിള്ള, ടി. പത്മനാഭന്‍, ശ്രീകുമാരന്‍ തമ്പി, കേരളീയം സംഘാടക സമിതി കണ്‍വീനര്‍ എസ്. ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊഫ. ഡോ. അമര്‍ത്യ സെന്‍, ഡോ. റാമില ഥാപ്പര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്, അഡ്വ. കെ.കെ. വേണുഗോപാല്‍, ടി.എം. കൃഷ്ണ, ഉസ്താദ് അംജദ് അലി ഖാന്‍ എന്നിവരുടെ ആശംസാ പ്രസംഗങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

News Desk

Recent Posts

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

6 days ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

6 days ago

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…

7 days ago

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…

1 week ago

വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍

ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം :  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…

1 week ago

രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

                                                                              തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

1 week ago