കുട്ടിപ്പള്ളിക്കൂടത്തിന് പുതിയ അമിനിറ്റി സെന്റർ

വിതുര ഗ്രാമ പഞ്ചായത്തിലെ കൊമ്പ്രാൻ കല്ല് സെറ്റിൽമെന്റിൽ കുട്ടികളുടെ പഠനത്തിനായി വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നാലു വർഷമായി നടത്തി വരുന്ന കുട്ടിപ്പള്ളിക്കൂടത്തിന് യൂണിയൻ ബാങ്ക് പുതിയ അമിനിറ്റി സെന്റർ അനുവദിച്ചു.വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് തറക്കല്ലിട്ടു.60 ദിവസത്തിനുള്ളിൽ സെന്റർ സജ്ജമാകും.

കുട്ടികൾക്ക് ടോയ്‌ലറ്റുകൾ , വാഷ് ഏരിയ , ഡ്രെസ്സിങ് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് അമിനിറ്റി സെന്റർ. കുട്ടിപ്പള്ളിക്കൂടത്തിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് വിജിലൻസ് എസ്.പി.ശ്രീ. കെ. മുഹമ്മദ് ഷാഫിയാണ് അമിനിറ്റി സെന്ററിനുള്ള ഫണ്ട് ലഭ്യമാക്കാൻ മുൻകൈ എടുത്തത്. കുട്ടിപ്പള്ളിക്കൂടത്തിലേക്ക് പുതിയ ഫസിലിറ്റേറ്ററെ ട്രൈബൽ ഡിപാർട്മെന്റ് നിയമിച്ചു. ഒരു മിനി മാസ്റ്റ് ലൈറ്റും ലഭ്യമാക്കി. നാലു വർഷം പഴക്കമുള്ള കെട്ടിടം തയ്യാറാക്കാൻ ഉപയോഗിച്ച ഈറ്റ ഇലകൾ കേടു വന്നതോടെ അത് മാറ്റി റ്റിൻ ഷീറ്റ് ഉപയോഗിച്ചു പുതിയ കെട്ടിടം തയ്യാറാക്കുകയാണ് എസ്.പി.സി.കേഡറ്റുകളുടെ അടുത്ത ലക്ഷ്യം. ഇതിലേക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച ആദ്യ ഗഡു ധന സഹായം കുട്ടികൾ ഊരു മൂപ്പൻ ബാലചന്ദ്രൻ കാണിക്ക് കൈമാറി.

അമിനിറ്റി സെന്ററിന്റെ തറക്കല്ലിടൽ കർമ്മത്തിന് യൂണിയൻ ബാങ്ക് റീജിയണൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ശ്രീ.കുമാർ ബി. കെ, ശ്രീ. സാബു , വലിയമല ബ്രാഞ്ച് മാനേജർ ശ്രീ. അനൂപ് , ഹെഡ്മിസ്ട്രസ് ശ്രീമതി. സിന്ധു ദേവി റ്റി. എസ്., എസ്.പി.സി.ഉദ്യോഗസ്ഥരായ അൻവർ കെ , അൻസറുദീൻ , പ്രിയ ഐ.വി.നായർ , അൻസി , കേഡറ്റുകളായ അഭിഷേക് , കാർത്തിക് എന്നിവർ പങ്കെടുത്തു.

error: Content is protected !!