പുകയുടേയും കനലിന്റെയും കൂടെ അവളുടെ ഹൃദയ- താളങ്ങളുടേയും നോവറിഞ്ഞ
അടുക്കള.
കയ്യാളവൾ, ഉള്ളെരിഞ്ഞു
നീറ്റിയെടുത്ത ആഹാരമായിരം
പേർക്ക് വിളമ്പി.
എപ്പോഴൊക്കെയോ ഉപ്പും മുളകും പരസ്പരം വഴിമാറിപ്പോയത്,
കറിക്കൂട്ട് വേണ്ടവിധത്തിൽ
ചേരാതെപോയത്,
ചിലപ്പോഴൊക്കെ മിക്സി
അവളുടെ സങ്കടങ്ങളെ
കശക്കിയെറിയാറുണ്ട്.
അവളുടെ ഉള്ളിലുള്ള രോഷം
മുഴുവൻ ഏറ്റെടുത്തമട്ടിൽ
വലിയ ശബ്ദം ചീറ്റിച്ചുകൊണ്ട്
കുക്കറും അവളോട് കൂടാറുണ്ട്.
സിങ്ക് നിറഞ്ഞ് കലഹിച്ച പാത്രങ്ങളൊക്കെയും ക്ഷമയോടെ അവളെ കാത്തിരിക്കാറുണ്ട്.
അരങ്ങത്തേയ്ക്ക് വന്ന സ്ത്രീരത്നങ്ങളധികവും
അടുക്കളയിൽ നിന്നായിരുന്നത്രെ.
ഒരു മുറിയും ഇത്രമേൽ അവളെ സ്നേഹിച്ചിട്ടുണ്ടാകില്ല തീർച്ച…
പ്രിയ. എസ്. പൈ