Categories: KERALANEWSTRIVANDRUM

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കണം; എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി വേണം – വനിതാ കമ്മിഷന്‍

ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റികള്‍ രൂപീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ രണ്ടു ദിവസത്തെ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡന കേസുകളില്‍ കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ചതിനു ശേഷവും സംരക്ഷണം ലഭിക്കാത്തതു സംബന്ധിച്ച പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ച ശേഷവും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യം കമ്മിഷന്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന കേസുകളില്‍ മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം. 

തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി) പല തൊഴില്‍ സ്ഥാപനങ്ങളിലും നിലവില്‍ വന്നിട്ടില്ല. ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരേ പിഴ ചുമത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതിന് ആവശ്യമായ നടപടി കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. 

പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണമെന്ന് നിയമമുണ്ട്. നിയമം അനുശാസിച്ചിട്ടുള്ള രീതിയില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റിയുണ്ടെന്ന് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തൊഴില്‍ സ്ഥാപനത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടോ എന്നു പോലും വനിതാ ജീവനക്കാര്‍ക്ക് അറിയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കുമ്പോള്‍ തന്നെ എല്ലാ ജീവനക്കാരെയും അറിയിക്കുന്ന വിധത്തില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഇന്റേണല്‍ കമ്മറ്റി ഭാരവാഹികളുടെ വിവരം എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പക്ഷേ, ഇത് അനുസരിച്ചുള്ള നിലപാട് തൊഴില്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം. സ്ത്രീകളോട് അപമര്യാദയായുള്ള എല്ലാ പെരുമാറ്റങ്ങളും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന കാര്യം പരസ്യപ്പെടുത്തുന്ന വിധത്തില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ആവശ്യമായ നടപടി സ്വീകരിക്കണം. 

ഗാര്‍ഹിക പീഡനം, തൊഴില്‍ സ്ഥലത്തെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയവയില്‍ ഏറെയും. ഗാര്‍ഹിക പീഡന പരാതികളില്‍ ഏറെയും വളരെ ചെറിയ പ്രായത്തിലുള്ള യുവതികളുടേതാണ്. ഇതില്‍ വീട്ടുകാരുടെ ഇഷ്ടത്തോടെ വിവാഹം കഴിച്ചവരുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരുമുണ്ട്. ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാത്ത പ്രശ്‌നങ്ങളാണ് ഗാര്‍ഹിക പീഡന പരാതികളില്‍ കൂടുതലായി ഉള്ളത്. വിവാഹ സമയത്ത് സ്ത്രീക്ക് സ്വന്തം വീട്ടില്‍ നിന്നു ലഭിക്കുന്ന ആഭരണങ്ങളോ, വസ്തുവോ, പണമോ എല്ലാം സ്ത്രീക്കു മാത്രം അവകാശപ്പെട്ടതാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യാൻ ഭർത്താവിനോ, ഭർത്തൃ ബന്ധുക്കൾക്കോ അവകാശമില്ലാത്തതുമാണെന്നും  വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

രണ്ടു ദിവസത്തെ സിറ്റിംഗില്‍ ആകെ 83 പരാതികള്‍ പരിഹരിച്ചു. 12 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. നാലു പരാതികള്‍ കൗണ്‍സിലിംഗിന് നിശ്ചയിച്ചു. 326 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 425 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. 

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, അഡ്വക്കറ്റുമാരായ സോണിയ സ്റ്റീഫന്‍, സരിത, ഷൈനി റാണി, അദീന, സൂര്യ, കാവ്യ പ്രകാശ്, രജിത റാണി, അശ്വതി, കൗണ്‍സിലര്‍മാരായ ശോഭ റാണി, സിബി എന്നിവര്‍ പങ്കെടുത്തു. 

News Desk

Recent Posts

എന്തായാലും പറഞ്ഞ കാര്യങ്ങള്‍ നടത്തും: രാജീവ് ചന്ദ്രശേഖർ

ലോക സഭയില്‍ കയറിയില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് തലസ്ഥാന വികസനത്തിന് മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ ചിലത് യാഥാർത്ഥ്യമാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത് രാജീവ്…

13 hours ago

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പങ്ക് വലുത് തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും…

14 hours ago

ടൈംസ് ബിസിനസ് അവാർഡ് മേയർ ആര്യ രാജേന്ദ്രന്

ടൈംസ് ബിസിനസ് അവാർഡ് നേടിയ ബഹു: തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യ രാജേന്ദ്രന്ഇന്ന് (24.6.24) നഗരസഭയിൽ കൗൺസിലർമാരും ജീവനക്കാരും…

2 days ago

പോലീസിലെ ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം

പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കല്‍…

2 days ago

വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണ: മന്ത്രി വി ശിവൻകുട്ടി

വാർത്താസമ്മേളനത്തിൽ എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത ശുദ്ധ നുണയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ പറഞ്ഞത്…

2 days ago

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി…

2 days ago