Ananthapuri Online News

Anantham Athivegam Ananthapuri Varthakal

32-ാമത് ചെമ്പൈ സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

തിരുവനന്തപുരം: ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 32-ാമത് ചെമ്പൈ സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 2-ന് വൈകിട്ട് 5.30ന് ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രൊഫ. വൈക്കം വേണുഗോപാൽ സ്വാഗതം പറഞ്ഞു. ചെമ്പൈ ട്രസ്റ്റ് ചെയർമാൻ അഡ്വ. വി. വഞ്ചീശ്വര അയ്യർ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. എസ്.കെ. ആശുപത്രി മാനേജിംഗ് പാർട്ണറും ചെമ്പൈ ട്രസ്റ്റ് പാട്രണുമായ കെ. എൻ. ശിവൻകുട്ടി വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു.

തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ സെൻട്രൽ സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാര ജേതാവ് ഡോ. ശ്രീദേവ് രാജഗോപാലൻ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ. എൻ. ജെ. നന്ദിനി, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് തെക്കടി രാജൻ എന്നിവരെ ആദരിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം ശ്രീ പ്രസന്ന വെങ്കടരാമൻ (വോക്കൽ), ഡോ. തിരുവനന്തപുരം എൻ. സമ്പത്ത് (വയലിൻ), ശ്രീ മാവേലിക്കര ആർ.വി. രാജേഷ് (മൃദംഗം), ശ്രീ ആദിച്ചനല്ലൂർ അനിൽകുമാർ (ഘടം) എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളില്‍ സെപ്തംബര്‍ 8 വരെ സംഗീതോത്സവം അരങ്ങേറും. സംഗീത സദസ്സിലേക്ക് പ്രവേശനം സൗജന്യമാണ്‌.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!