തിരുവനന്തപുരം: വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും കലാപ്രതിഭകൾക്കും മാറ്റുരയ്ക്കാൻ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 30 തിങ്കളാഴ്ച തുടക്കമാകും. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കലാമേള ഡിസംബർ 4ന് സമാപിക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
കലയുടെ വൈവിധ്യങ്ങളും സംസ്കാരത്തിന്റെ സൗന്ദര്യവും ഒത്തുചേരുന്ന കലോത്സവം വിദ്യാർഥികൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാകും. മത്സരങ്ങൾക്കൊപ്പം സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്ന ജനകീയ ആഘോഷമായി കലോത്സവത്തെ മാറ്റാനാണ് സംഘാടക സമിതിയുടെ ലക്ഷ്യം.
മത്സരവേദികളും അടിസ്ഥാന സൗകര്യങ്ങളും സജ്ജം
കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. മത്സരവേദികളുടെ ക്രമീകരണം, രജിസ്ട്രേഷൻ, ഭക്ഷണം, ഗതാഗതം, താമസം, ആരോഗ്യപരിചരണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പൊതുസമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
നവംബർ 30ന് പതാക ഉയർത്തൽ; വൈകിട്ട് ഉദ്ഘാടനം
നവംബർ 30ന് രാവിലെ 8.30ന് ജനറൽ കൺവീനർ ആർ. ബിജു പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. രാവിലെ 9 മണി മുതൽ രജിസ്ട്രേഷനും 9.30 മുതൽ രചനാ മത്സരങ്ങളും ആരംഭിക്കും.
വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഡി.ഡി.ഇയും ജനറൽ കൺവീനറുമായ ആർ. ബിജു സ്വാഗതം ആശംസിക്കും. ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് മുഖ്യാതിഥിയായിരിക്കും.
നെയ്യാറ്റിൻകര എം.എൽ.എ എൻ. ശക്തൻ, കോവളം എം.എൽ.എ അഡ്വ. വിൻസെന്റ്, പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ, അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, കാട്ടാക്കട എം.എൽ.എ എം.ആർ. ബൈജു, നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി തുടങ്ങിയവരും ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഡിസംബർ 4ന് സമാപന സമ്മേളനം
നാലുദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങൾക്കും കലാപരിപാടികൾക്കും ഡിസംബർ 4ന് സമാപനമാകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്. അധ്യക്ഷത വഹിക്കും. റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോയ് ഓലത്താനി സ്വാഗതം ആശംസിക്കും. തിരുവനന്തപുരം ലോക്‌സഭാംഗം ഡോ. ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയ കെ. നായർ സമ്മാനദാനം നിർവഹിക്കും.
നെടുമങ്ങാട് എം.എൽ.എ ജി.ആർ. അനിൽ, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ, വാമനപുരം എം.എൽ.എ സുധീർഷ പാലോട്, ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ്, ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിക്കും.
കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും പൊതുസമൂഹത്തിലെത്തിക്കുന്നതിന് മാധ്യമങ്ങളുടെ സജീവമായ സഹകരണം സംഘാടക സമിതി അഭ്യർഥിച്ചു.


