തിരുവനന്തപുരം: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളോട് ഉദ്യോഗസ്ഥർ കരുതലോടെയും സൗഹാർദ്ദത്തോടെയും പെരുമാറണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. നിയമപരമോ സാങ്കേതികമോ ആയ കാരണങ്ങളാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ അതിന്റെ കാരണം ഗുണഭോക്താക്കളെ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരാണ് കോർപ്പറേഷൻ ഓഫീസുകളിൽ സഹായം തേടിയെത്തുന്നതെന്നും അവരോട് സ്നേഹത്തോടെയും കരുതലോടെയും സേവനം നൽകേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിൽ നടന്ന ചടങ്ങിൽ വിവിധ പദ്ധതികൾ പ്രകാരം അനുവദിച്ച വായ്പകളുടെ വിതരണവും സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോർപ്പറേഷൻ നടപ്പാക്കിയ പദ്ധതികളുടെ പൂർത്തീകരണ റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
അയ്യൻകാളി ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ കാര്യാലയമാണ് നവീകരിച്ച് താഴത്തെ നിലയിലേക്ക് മാറ്റിയത്. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ഓഫീസിലെത്തുന്നതിനുള്ള പ്രയാസം ഒഴിവാക്കി കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭവനപദ്ധതിക്കായി 1,000 കോടി രൂപ
പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ഭവനപദ്ധതിക്കായി ഈ സാമ്പത്തിക വർഷം 1,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പട്ടികജാതി വിഭാഗത്തിലെ 25,000 കുടുംബങ്ങൾക്കും പട്ടികവർഗ വിഭാഗത്തിലെ 7,000 കുടുംബങ്ങൾക്കും ആദ്യ രണ്ട് ഗഡുക്കൾ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
തനത് ഭവനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബറിൽ നടക്കും. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭവനരഹിതരായ പട്ടികജാതി–പട്ടികവർഗ കുടുംബങ്ങൾ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 75 ശതമാനം സബ്സിഡി
സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി 15 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 75 ശതമാനം സബ്സിഡി നൽകുന്ന ദാക്ഷായണി സ്വയംസഹായ പദ്ധതിയും മന്ത്രി വിശദീകരിച്ചു.
പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പാ പദ്ധതികളിലെ പലിശനിരക്ക് കുറയ്ക്കുന്നതിനൊപ്പം സ്ഥാപനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തിൽ ഗുണഭോക്താക്കൾക്ക് പരമാവധി ആശ്വാസം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശലക്കം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന ഒറ്റപ്പെട്ട മേഖലകളിൽ വെളിച്ചമെത്തിക്കുന്നതിനായി ഇന്ദിരാജ്യോതി പദ്ധതിയുടെ ഭാഗമായി ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ സുധീർഷാ പാലോട് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഞ്ചര പതിറ്റാണ്ടിലേറെയായി സാധാരണക്കാരെ ചേർത്തുപിടിച്ച് പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസിന്റെ പ്രവർത്തനം താഴത്തെ നിലയിലേക്ക് മാറ്റിയത് ഗുണഭോക്താക്കൾക്ക് ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. അർഹരായവർക്ക് ഭരണഘടനാപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഡ് കൗൺസിലർ കെ. ആർ. ക്ലീറ്റസ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി. പി. സുബ്രഹ്മണ്യൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ., പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ രഞ്ജിത്ത് ഡി., പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് വി., ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

