ഗ്വാളിയോർ: വിജയ് മർച്ചന്റ് ട്രോഫി അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കേരളം. ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 471 റൺസെടുത്ത കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ വിശാൽ ജോർജിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിലാണ്.
നാല് വിക്കറ്റ് നഷ്ടത്തിൽ 281 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വിശാൽ ജോർജും ആരോൺ അലക്സും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മികച്ച കരുത്തായി. ഇരുവരും ചേർന്ന് 123 റൺസ് കൂട്ടിച്ചേർത്തു. 86 പന്തിൽ 72 റൺസെടുത്ത ആരോൺ അലക്സ് പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു.
തുടർന്നെത്തിയ കാർത്തിക് റൺസൊന്നുമെടുക്കാതെയും ശ്രീഹരി പ്രസാദ് 11 റൺസെടുത്തും മടങ്ങി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ മുഹമ്മദ് റെയ്ഹാൻ വിശാൽ ജോർജിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു.
250 പന്തുകൾ നേരിട്ട വിശാൽ 18 ബൗണ്ടറികളുടെ അകമ്പടിയോടെ 218 റൺസ് നേടി. വിശാൽ റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ടിന് വിരാമമായത്. തുടർന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 471 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുഹമ്മദ് റെയ്ഹാൻ 41 റൺസുമായും ആനന്ദ് സായ് ആറ് റൺസുമായും പുറത്താകാതെ നിന്നു. തമിഴ്നാടിനായി അഭിമാൻ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാടിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരുടെ വിക്കറ്റ് നഷ്ടമായി. ജെയ്ഡൻ ജോനാ ഡേവിഡ് 10 റൺസിനും ഇഷാൻ പ്രവിത് 28 റൺസിനും പുറത്തായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ അക്ഷത് റാവുവും മുഹമ്മദ് സാഫിറും ചേർന്ന് തമിഴ്നാടിന്റെ ഇന്നിങ്സിന് കരുത്തേകി. ഇരുവരും ചേർന്ന് പുറത്താകാതെ 106 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ അക്ഷത് റാവു 58 റൺസുമായും മുഹമ്മദ് സാഫിർ 53 റൺസുമായും ക്രീസിലുണ്ട്.
കേരളത്തിനായി ആനന്ദ് സായിയും വി.ജെ. ശിവാങ്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ തമിഴ്നാട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിലാണ്.

