തിരുവനന്തപുരം: ഐഎൻഎൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന സലീം നെടുമങ്ങാടിന്റെ നേതൃത്വത്തിൽ 60 ഓളം പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അംഗത്വവും പാർട്ടി പതാകയും നൽകി ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന സ്വീകരണച്ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കണിയാപുരം ഹലീം, നിസാർ മുഹമ്മദ് സുൽഫി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ജസീം മഹാണി, കാട്ടാക്കട മാഹിൻ അബൂബക്കർ, എസ്.എ. വാഹിദ്, കന്യാകുളങ്ങര ഷാജഹാൻ, ഫാറസ് മാറ്റപ്പള്ളി, ഷംസുദ്ദീൻ ഹാജി, എം.കെ.എം. റഹീം, എസ്.എഫ്. എസ്.എ. തങ്ങൾ, പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, വഞ്ചുവം ഷറഫ്, അഡ്വ. എസ്. നൂർജി, കരകുളം മുഹമ്മദ് ഷിബു, നജ്മത്ത് ബീഗം ടീച്ചർ, സുമയ്യ, മഹീൻ, ഷിംല, നസിയ തുടങ്ങിയവർ പങ്കെടുത്തു.
ഐഎൻഎല്ലിന്റെ ഭരണഘടനാവിരുദ്ധ നിലപാടുകളിലും നേതാക്കളുടെ സ്വാർഥ താൽപര്യങ്ങൾ പാർട്ടിയിൽ അടിച്ചേൽപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് താനും അനുയായികളും ഐഎൻഎല്ലിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നതെന്ന് സലീം നെടുമങ്ങാട് അറിയിച്ചു.
പുതിയ രാഷ്ട്രീയ നീക്കം തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.

