തിരുവനന്തപുരം: വിതുര പഞ്ചായത്തിലെ ഗോത്രവർഗ ഉന്നതികളായ തലത്തുതക്കാവ്, കല്ലംകുടി, നെട്ടയം എന്നിവിടങ്ങളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. കമ്മീഷൻ അംഗം സബിതാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
തലത്തുതക്കാവ് ഗവൺമെന്റ് ട്രൈബൽ സ്കൂളിലെത്തിയ കമ്മീഷൻ സംഘം അധ്യാപകരുമായും വിദ്യാർഥികളുമായും സംവദിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും സംഘം പരിശോധിച്ചു.
തുടർന്ന് പ്രദേശത്തെ എസ്.ടി പ്രമോട്ടർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി കമ്മീഷൻ ചർച്ച നടത്തി. പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് ഉന്നതി നിവാസികൾ നേരിടുന്ന യാത്രാക്ലേശം പ്രദേശവാസികൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
പ്രശ്നത്തിന് പരിഹാരമായി മേഖലയിൽ സഞ്ചരിക്കുന്ന റേഷൻ കട ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം സബിതാ ബീഗം ഉറപ്പുനൽകി. പ്രദേശവാസികളുടെ റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, ഊരുമൂപ്പൻ എന്നിവരുമായും കമ്മീഷൻ അംഗം ചർച്ച നടത്തി.
പാലോട് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം, പാലോട് ഉപജില്ലാ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

