Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം | 25 നവംബർ 2026

അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കണ്ടക്ടർ എം.ആർ. രാജേഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

പമ്പയിൽനിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയിരുന്ന RPC 694 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. ആലുംമൂട് എന്ന സ്ഥലത്തുവെച്ച് കണ്ടക്ടറും യാത്രക്കാരായ അയ്യപ്പഭക്തരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയിട്ട് തർക്കം തുടർന്നതോടെ പോലീസ് സ്ഥലത്തെത്തി ഇടപെട്ടു. പോലീസിന്റെ ഇടപെടലിനെത്തുടർന്ന് പ്രശ്നം പരിഹരിക്കുകയും ബസ് സർവീസ് പുനരാരംഭിക്കുകയും ചെയ്തു.

സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടക്ടറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ആർ. രാജേഷിനെ സസ്പെൻഡ് ചെയ്തത്.

ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!