Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നട്ടെല്ലിലെ സങ്കീർണ രോഗാവസ്ഥയ്ക്ക് വിജയകരമായ ശസ്ത്രക്രിയ; മാലദ്വീപ് സ്വദേശിക്ക് ആശ്വാസമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ് (Degenerative Spinal Stenosis) എന്ന ഗുരുതരമായ നട്ടെല്ല് രോഗാവസ്ഥയെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിച്ച 72 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ശസ്ത്രക്രിയയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. ഓർത്തോപീഡിക് സ്പൈൻ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

നട്ടെല്ലിനുള്ളിലെ സ്പൈനൽ കനാൽ ചുരുങ്ങി നാഡികളിൽ സമ്മർദ്ദമുണ്ടാകുന്ന അവസ്ഥയാണ് ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ്. കഠിനമായ നടുവേദനയും ദീർഘനേരം നടക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്.

തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിൽ നട്ടെല്ലിലെ സ്പൈനൽ കനാൽ ചുരുങ്ങിയതായും ഇത് നാഡികളിൽ സമ്മർദ്ദമുണ്ടാക്കുന്നതായും കണ്ടെത്തി. നാഡികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഈ അവസ്ഥ വേദന, മരവിപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.

വിദഗ്ധ പരിശോധനകൾക്കൊടുവിൽ ശസ്ത്രക്രിയയാണ് ഏറ്റവും അനുയോജ്യമായ ചികിത്സയെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് കിംസ്ഹെൽത്ത് ഓർത്തോപീഡിക് സ്പൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ ‘എൻഡോസ്കോപ്പിക് ഡീകംപ്രഷൻ ആൻഡ് ഫിക്സേഷൻ’ (Endoscopic Decompression and Fixation) എന്ന മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

നട്ടെല്ലിന്റെ സ്വാഭാവിക ഘടനയും സ്ഥിരതയും നിലനിർത്തിക്കൊണ്ട് നാഡികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സാരീതിയാണിത്.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ L4-L5 ഭാഗത്തെ നാഡികളിലുണ്ടായിരുന്ന സമ്മർദ്ദം നീക്കം ചെയ്തു. തുടർന്ന് മെറ്റൽ ഫിക്സേഷൻ സംവിധാനം ഉപയോഗിച്ച് നട്ടെല്ലിന്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്തു.

“മുതിർന്നവരുടെ ചലനശേഷിയെയും ജീവിതനിലവാരത്തെയും സാരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് ഡിജനറേറ്റീവ് സ്പൈനൽ സ്റ്റെനോസിസ്. എൻഡോസ്കോപ്പിക് ഡീകംപ്രഷൻ ആൻഡ് ഫിക്സേഷൻ രീതിയിലൂടെ നട്ടെല്ലിന്റെ ഘടനയിൽ മാറ്റം വരുത്താതെ തന്നെ ഞരമ്പുകളിലെ സമ്മർദ്ദം പൂർണമായും ഒഴിവാക്കാൻ സാധിച്ചു,” ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു.

അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലിസും ശസ്ത്രക്രിയയുടെ ഭാഗമായി പങ്കെടുത്തു.

നൂതന ചികിത്സാ സംവിധാനങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുടെയും സഹായത്തോടെ സങ്കീർണമായ നട്ടെല്ല് രോഗാവസ്ഥകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ കിംസ്ഹെൽത്തിന് സാധിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ശസ്ത്രക്രിയ.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!