Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പശ്ചിമഘട്ടത്തിൽ 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകൾ; അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസ് സമാപിച്ചു

50-ലധികം രാജ്യങ്ങളിൽനിന്ന് ഗവേഷകർ പങ്കെടുത്തു; ചിലന്തിവലകളിലെ മലിനീകരണ പഠനവും ശ്രദ്ധനേടി

കൊച്ചി: പശ്ചിമഘട്ടത്തിൽനിന്ന് രണ്ട് വംശങ്ങളിലായി 14 പുതിയ ഇനം സ്യൂഡോസ്കോർപിയോണുകളെ കണ്ടെത്തി ഗവേഷകർ. കൊച്ചിയിൽ ഏഴു ദിവസം നീണ്ടുനിന്ന 23-ാമത് അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിലാണ് ഈ സുപ്രധാന ഗവേഷണ കണ്ടെത്തൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായും ഏഷ്യയിൽ രണ്ടാം തവണയും സംഘടിപ്പിച്ച സമ്മേളനത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള ഇരുന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്തു.

തൃക്കാക്കര ഭാരതമാതാ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകരായ ജിതിൻ ജോൺസൺ, മാത്യു എം. ജോസഫ്, അമേരിക്കയിലെ സെൻട്രൽ ഒക്‌ലഹോമ സർവകലാശാലയിലെ സ്റ്റെഫാനി എഫ്. ലോറി, ജർമനിയിലെ ഹാംബർഗ് മ്യൂസിയം ഓഫ് നേച്ചറിലെ ഡാനിലോ ഹാംസ് എന്നിവരടങ്ങിയ അന്താരാഷ്ട്ര ഗവേഷക സംഘമാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്.

ആധുനിക മോളിക്യുലാർ ഫൈലോജെനെറ്റിക്, ബയോജിയോഗ്രാഫിക്കൽ രീതികളും സൂക്ഷ്മമായ രൂപഘടനാ പഠനങ്ങളും സംയോജിപ്പിച്ചായിരുന്നു ഗവേഷണം. പ്രാചീന ജീവിവർഗങ്ങളുടെ പരിണാമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനമേഖലകളിലെ സവിശേഷ ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു.

ചിലന്തിവലകളിലെ മലിനീകരണ പഠനവും ശ്രദ്ധയിൽ

പരിസ്ഥിതി മലിനീകരണം വിലയിരുത്തുന്നതിനുള്ള ജൈവസൂചകങ്ങളായി ചിലന്തികളെയും അവയുടെ വലകളെയും ഉപയോഗിക്കാമെന്ന ഗവേഷണങ്ങളും സമ്മേളനത്തിൽ ശ്രദ്ധനേടി. വായുവിലൂടെയുള്ള മലിനീകരണ വസ്തുക്കൾക്കു പുറമെ ചിലന്തിവലകളിൽ അടിഞ്ഞുകൂടുന്ന ഘനലോഹങ്ങൾ, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ എന്നിവയെക്കുറിച്ച് കൊച്ചിയിൽ നടക്കുന്ന പഠനങ്ങളും ചർച്ചയായി.

ആധുനിക ജന്തുശാസ്ത്ര നാമകരണത്തിന് അടിത്തറയിട്ട ദ്വിനാമ നാമകരണ സമ്പ്രദായപ്രകാരം ലോകത്ത് ആദ്യമായി ശാസ്ത്രീയമായി വിവരിക്കപ്പെട്ട ജന്തുവർഗമായ അറേനിയസ് ആംഗുലേറ്റസ് എന്ന ചിലന്തിയുടെ സ്വത്വം പുനഃപരിശോധിച്ചുകൊണ്ട് സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ജോനാഥൻ എ. കോഡിംഗ്ടൺ അവതരിപ്പിച്ച പ്രബന്ധവും സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി.

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിക്കുവേണ്ടി തൃക്കാക്കര ഭാരതമാതാ കോളേജും (ഓട്ടോണമസ്) കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായാണ് ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ കോൺഗ്രസ് സംഘടിപ്പിച്ചത്.

170-ഓളം ശാസ്ത്രീയ അവതരണങ്ങൾ

‘സ്പിന്നിംഗ് കണക്ഷൻസ് ആൻഡ് വീവിംഗ് നോളജ്’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ആറ് പ്ലീനറി പ്രഭാഷണങ്ങൾ, അഞ്ച് യുവ അരാക്നോളജിസ്റ്റ് അവതരണങ്ങൾ, നാല് പ്രത്യേക സിമ്പോസിയങ്ങൾ എന്നിവയുൾപ്പെടെ 170-ഓളം ശാസ്ത്രീയ അവതരണങ്ങൾ നടന്നു.

വർഗീകരണശാസ്ത്രം, പരിണാമം, ജീനോമിക്സ്, വിഷമുള്ള അരാക്നിഡുകളും ചികിത്സാശാസ്ത്രവും, ചിലന്തിവലകളും ബയോമെറ്റീരിയലുകളും തുടങ്ങി വിവിധ മേഖലകളിലെ പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും സമ്മേളനത്തിൽ ചർച്ചയായി.

യുവ ഗവേഷകരുടെ പ്രബന്ധാവതരണത്തിലും പോസ്റ്റർ അവതരണത്തിലും ഹാർവാർഡ് സർവകലാശാലയിലെ (യു.എസ്.) കെയ്‌ലിൻ എൽ. ചോങ് ഒന്നാം സമ്മാനം നേടി. പ്രബന്ധാവതരണത്തിൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ജോർജ്ജ് പോപോവിച്ചി രണ്ടാം സ്ഥാനവും ബ്രസീലിലെ ഇൻസ്റ്റിറ്റ്യൂട്ടോ ബുട്ടാന്റനിലെ റാഫേൽ ഫോൺസെക്ക-ഫെരേര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പോസ്റ്റർ അവതരണത്തിൽ ഹൈദരാബാദിലെ സി.എസ്.ഐ.ആർ-സി.സി.എം.ബിയിലെ പ്രതീക് ഖോപ്കർ രണ്ടാം സ്ഥാനവും അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ വില്യം ഫിലിപ്സ് മൂന്നാം സ്ഥാനവും നേടി.

ശാസ്ത്രീയ ചർച്ചകൾക്കു പുറമെ പശ്ചിമഘട്ടത്തിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങൾ, കായൽ യാത്ര, സാംസ്കാരിക പരിപാടികൾ, അരാക്നോ ഒളിമ്പിക്സ് എന്നിവയും കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ഇന്ത്യൻ അരാക്നോളജി ഗവേഷണ മേഖലയ്ക്ക് ആഗോള ശാസ്ത്രസമൂഹവുമായി കൂടുതൽ സഹകരണ സാധ്യതകൾ തുറന്നുനൽകിയാണ് ഏഴു ദിവസം നീണ്ടുനിന്ന 23-ാമത് അന്താരാഷ്ട്ര അരാക്നോളജി കോൺഗ്രസിന് കൊച്ചിയിൽ സമാപനമായത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!