തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് ഉറക്കമില്ലാത്ത എട്ടു ദിനരാത്രങ്ങൾ സമ്മാനിക്കാൻ 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഒരുങ്ങുന്നു. ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ പുലർച്ചെ ഏഴു മണി മുതൽ അടുത്ത ദിവസം പുലർച്ചെ മൂന്നു മണി വരെ നീളുന്ന വിപുലമായ സിനിമാപ്രദർശനങ്ങളാണ് ഒരുക്കുന്നത്. ‘സിനിമയുടെ ഉറങ്ങാത്ത നഗരം’ (Cinemayude Urangatha Nagaram) എന്ന ആശയത്തിലാണ് 19 വേദികളിലായി പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.
ടാഗോർ തിയേറ്റർ, നിശാഗന്ധി, കലാഭവൻ, കൈരളി എന്നീ നാല് പ്രധാന വേദികളിൽ പ്രത്യേക പ്രദർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഡിസംബർ 12 മുതൽ 17 വരെയുള്ള ഫെസ്റ്റിവൽ ദിവസങ്ങളിൽ ഓരോ വേദിക്കും വ്യത്യസ്തമായ പ്രദർശന സമയക്രമവും പരിപാടികളുമുണ്ടാകും.
ടാഗോർ തിയേറ്ററിൽ രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന പ്രദർശനങ്ങൾ വൈകുന്നേരവും അർധരാത്രിയും പിന്നിട്ട് പുലർച്ചെ വരെ തുടരും. ഡിസംബർ 13, 15, 17 തീയതികളിലാണ് ഇവിടെ പുലർച്ചെ മൂന്നു മണിക്ക് പ്രത്യേക പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അർധരാത്രി പ്രദർശനത്തിനു പിന്നാലെ പുലർച്ചെ മൂന്നു മണിക്കും തുടർന്ന് രാവിലെ ഏഴു മണിക്കും സിനിമകൾ കാണാൻ കഴിയുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കുന്നത്.
നിശാഗന്ധിയിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന വൈകുന്നേര പ്രദർശനങ്ങൾ, തിരഞ്ഞെടുത്ത പ്രീമിയറുകൾ, പ്രധാന ലോകസിനിമകൾ, പ്രത്യേക ആമുഖ പരിപാടികൾ എന്നിവയ്ക്കായിരിക്കും മുൻഗണന. കലാഭവനിൽ മലയാള സിനിമകൾ, റെട്രോസ്പെക്ടീവുകൾ, സംവിധായകരുടെ സാന്നിധ്യത്തിലുള്ള പ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം രാവിലെ ഏഴു മണി മുതലുള്ള പ്രദർശനങ്ങളും ഉണ്ടാകും.
കൈരളിയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങൾ, അന്താരാഷ്ട്ര സിനിമയിലെ പുതിയ കണ്ടെത്തലുകൾ, ആവർത്തന പ്രദർശനങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
നാല് പ്രധാന വേദികളിലെയും പ്രദർശന സമയങ്ങൾ പരസ്പരം ഏകോപിപ്പിച്ചാണ് ക്രമീകരിക്കുന്നത്. ഒരേ പ്രേക്ഷകശ്രദ്ധ ലഭിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ വ്യത്യസ്ത സമയങ്ങളിൽ പ്രദർശിപ്പിക്കുന്നതിലൂടെ ഡെലിഗേറ്റുകൾക്ക് ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മാറി കൂടുതൽ സിനിമകൾ ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.
പുലർച്ചെ മൂന്നു മണിക്ക് ആരംഭിക്കുന്ന ചിത്രങ്ങളുടെ ദൈർഘ്യവും രാവിലെ ഏഴുമണിയിലെ അടുത്ത പ്രദർശനവും പരിഗണിച്ചായിരിക്കും അന്തിമ സമയക്രമം തയ്യാറാക്കുക. ഡെലിഗേറ്റ് ആപ്പിലും തിയേറ്ററുകളിലെ അറിയിപ്പുകളിലും ഓരോ ചിത്രത്തിന്റെയും കൃത്യമായ പ്രദർശന തീയതിയും സമയവും ലഭ്യമാക്കും.
പുലർച്ചെ മുതൽ അർധരാത്രിയും കടന്ന് സിനിമയുടെ ലോകത്ത് പ്രേക്ഷകരെ നിലനിർത്തുന്ന ഈ സവിശേഷ പ്രദർശനക്രമം 31-ാമത് ഐഎഫ്എഫ്കെയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകും. 19 വേദികളിലായി എട്ടു ദിവസം നീളുന്ന മേളയിലൂടെ തിരുവനന്തപുരത്തെ യഥാർഥ അർഥത്തിൽ ‘സിനിമയുടെ ഉറങ്ങാത്ത നഗരം’ ആക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.


