എത്ര ധൈര്യശാലി ആണെങ്കിലും ഈ ഗോസ്റ്റ് ഹൗസിൽ കയറിയാൽ ഉള്ളൊന്ന് കിടുങ്ങും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ ‘ഗോസ്റ്റ് ഹൗസി’ലാണ് ഏതു ധൈര്യശാലികളെയും പേടിപ്പിക്കാൻ ഉതകുന്ന വിസ്മയങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്. സന്ദർശകരുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
പ്രേത ഭവനത്തിലേക്കു കടന്നാൽ ഏവരെയും കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്. ഭയപ്പെടുത്തുന്ന ഭീകര രൂപങ്ങൾ ഇവിടുത്തെ ഓരോ കോണിലും ഒളിഞ്ഞിരിപ്പുണ്ട്. ഇരുളടഞ്ഞ ഇടനാഴികളിലൂടെ നടക്കുമ്പോൾ പെട്ടെന്നുയരുന്ന ശബ്ദങ്ങളും, മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളും ഓരോ നിമിഷവും കാഴ്ചക്കാരെ ഭയത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നു.
ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കുന്ന ശബ്ദ-വെളിച്ച വിന്യാസങ്ങളാണ് പ്രധാന ആകർഷണം. മുമ്പിൽ നടന്നുപോയ സന്ദർശകരുടെ ഭയന്നുള്ള നിലവിളികളും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
കനകക്കുന്ന് കൊട്ടാരത്തിൽ നിന്ന് സൂര്യകാന്തിയിലേക്ക് പോകുന്ന വഴിയിലാണ് ഗോസ്റ്റ് ഹൗസ് ഒരുക്കിയിട്ടുള്ളത്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് സന്ദർശന സമയം. തിരുവനന്തപുരം പാപ്പനംകോടുള്ള വിനായക ഇവൻ്റ്‌സിൻ്റെ നേതൃത്വത്തിലാണ് ഗോസ്റ്റ് ഹൗസ് സജ്ജീകരിച്ചിരിക്കുന്നത്.
ധൈര്യം അളക്കാം; വരൂ ഗോസ്റ്റ് ഹൗസിലേക്ക്
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

