ഭക്ഷ്യവസ്തുക്കളിലെ മാരക വിഷവസ്തുവിനെ കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ.
അങ്കമാലി: ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന മാരകമായ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള നൂതന നാനോ സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി ഗവേഷകയ്ക്ക് പേറ്റന്റ്. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയും ബിറ്റ്സ് പിലാനി ഗോവ ക്യാമ്പസിലെ പി.എച്ച്.ഡി ഗവേഷകയുമായ ലക്ഷ്മിക്കാണ് ശ്രദ്ധേയമായ നേട്ടം.
‘ബയോ ഫങ്ഷണലൈസ്ഡ് നാനോപാർട്ടിക്കിൾസ് ഉപയോഗിച്ച് ഭക്ഷണത്തിലെ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള രീതി’ എന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്. പ്രൊഫ. സുനിൽ ഭണ്ഡിന്റെ മേൽനോട്ടത്തിലാണ് ലക്ഷ്മി ഗവേഷണം പൂർത്തിയാക്കിയത്.
നിലക്കടല, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്ന വിഷവസ്തുവാണ് അഫ്ലാടോക്സിൻ. ഇത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടതുമായ വിഷവസ്തുവാണ്.
വളരെ കുറഞ്ഞ അളവിലുള്ള അഫ്ലാടോക്സിൻ പോലും വേഗത്തിലും കൃത്യമായും കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് ഗവേഷണത്തിന്റെ പ്രത്യേകത. നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതികൾക്ക് ചെലവേറിയ ലബോറട്ടറി സൗകര്യങ്ങളും കൂടുതൽ സമയവും ആവശ്യമായി വരുമ്പോൾ, പുതിയ രീതി കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ പരിശോധനാഫലം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്.
ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
മഞ്ഞപ്ര കുന്നത്ത് വീട്ടിൽ കെ. കെ. രാജശേഖരന്റെയും സുമ ടീച്ചറുടെയും മകളാണ് ലക്ഷ്മി.
