പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്‌ രാജ്യത്തെ ഏറ്റവും മികച്ചതായി: മന്ത്രി ഡോ ആർ ബിന്ദു

രണ്ടു വർഷം കൊണ്ട് തന്നെ കേരള മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്‌ രാജ്യത്തെ ഏറ്റവും മികച്ച ഫെലോഷിപ്പുകളിൽ ഒന്നായി മാറിക്കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (രണ്ടാം എഡിഷൻ) വിതരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും അഭിമാനകരമായ പദ്ധതികളിൽ ഒന്നാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്. കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി വകുപ്പ് ആവിഷ്കരിക്കുന്ന നാനാവിധ പദ്ധതികളിൽ പ്രമുഖമാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്‌ പദ്ധതി.

ജനപക്ഷത്തു നിൽക്കുന്ന വൈജ്ഞാനിക സാമൂഹ്യ മാതൃക സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നാളത്തെ കേരള സമൂഹത്തിന് ഫെലോഷിപ്പ് ജേതാക്കൾ വലിയ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ വിവിധ മേഖലയിൽ ഗുണപരവും സമഗ്രവുമായ മുന്നേറ്റവും ലക്ഷ്യം വച്ചുകൊണ്ടാണ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്.

പത്ത് വൈവിധ്യമാർന്ന വിഷയ വിഭാഗങ്ങളിലായി ഈ വർഷം 68 പേരാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്. മുഴുവൻ സമയ ഗവേഷണത്തിനായി ഒന്നാം വർഷം പ്രതിമാസം 50,000 രൂപയും രണ്ടാം വർഷം പ്രതിമാസം 1,00,000 രൂപയും ആണ് ഫെലോഷിപ്പ് നല്‍കുക. രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. അത്യാവശ്യമെങ്കിൽ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നൽകും.

error: Content is protected !!