കൈയ്യിൽ കിട്ടുന്നതെന്തും ആകാംഷയോടെ വായിലേക്ക് ഇടുന്നത് ചെറിയപ്രായത്തിലെ കുട്ടികളുടെ ശീലമാണ്. എന്തുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ… അവർ ചുറ്റുപാടുകൾ പരിശോധിക്കുന്നത് നാവിൽ കിട്ടുന്ന രുചിയിലൂടെയും സ്പർശനാനുഭൂതിയിലൂടെയുമാണ്. ഇങ്ങനെയുള്ള സമയങ്ങളിൽ ആകസ്മികമായി വളരെ ചെറിയ വസ്തുക്കൾ അവരുടെ വായിൽ പ്രവേശിക്കാനും വിഴുങ്ങാനുമുള്ള സാധ്യത സാധ്യത കൂടുതലാണ്.
ഉദാഹരണത്തിന് ചെറിയ ബട്ടൺ, ബാറ്ററി തുടങ്ങിയവ വായിൽ വയ്ക്കുമ്പോൾ, അതിന്റെ മിനുസമായ പ്രതലം നാവിൽ തൊടുമ്പോൾ ഉണ്ടാകുന്ന സെൻസേഷൻ കുഞ്ഞുങ്ങളെക്കൊണ്ട് അത് വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ കൈയ്യിൽ നിന്നും വഴുതി തൊണ്ടയിലേക്ക് എത്തുന്ന വസ്തു, കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയാകാനുളള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അപകടകരമായ വസ്തുക്കൾ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ മാറ്റിവയ്ക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അപകടകരമായ വസ്തുക്കൾ ഏതൊക്കെയാണ്?
തുന്നൽ സൂചികൾ, പിന്നുകൾ, ഭക്ഷണത്തോടൊപ്പമുള്ള മീനിന്റെ മുള്ളുകൾ, മൂർച്ചയുള്ള വസ്തുക്കൾ ഇവയൊക്കെ കുഞ്ഞുങ്ങളുടെ ഉള്ളിൽ കടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇവ വായ്ക്കുള്ളിലും അതുപോലെ വയറ്റിൽ എത്തുന്ന പക്ഷം വയറ്റില പാളിയ്ക്കും ഗുരുതരമായ പരിക്കുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാറ്ററി പോലുള്ള വസ്തുക്കൾ ഉള്ളിൽ ചെല്ലുന്ന പക്ഷം അവ അന്നനാളിയുടെ ഭിത്തികളിൽ പരുക്കുകൾ ഏൽപ്പിക്കുന്നതിനും കാരണമാകും…
എങ്ങനെ അപകടങ്ങള തിരിച്ചറിയാം…?
പ്രായമായ കുട്ടികളിൽ ചിലർ ഇങ്ങനെ ആകസ്മികമായി ഉണ്ടായ അപകടങ്ങളെക്കുറിച്ച് പറഞ്ഞേക്കാം…എന്നാൽ, ചിലർ ഭയം നിമിത്തം പറയാതെയും ഇരിക്കാം. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ കുട്ടികളുടെ കളിപ്പാട്ടങ്ങളും അവയുടെ അഏതെങ്കിലും ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ഇടയ്ക്കിടെ പരിശോധിക്കണം.
മാത്രമല്ല, കുട്ടികൾ കളിക്കുമ്പോൾ ശ്വാസംമുട്ടലോ ഉമിനീർ ഒലിച്ചിറങ്ങുകയോ പോലുള്ള അസ്വസ്ഥകൾ ഉണ്ടാകുന്നുണ്ടോ എന്നും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്തെന്നാൽ, ഡോക്ടറുടെ സഹായത്തോടെ എക്സ്-റേയിലൂടെ ഇവയെ കണ്ടെത്താൻ കഴിയുമെങ്കിലും പ്ലാസ്റ്റിക്, റബ്ബർ വസ്തുക്കളെ എക്സറേയിലൂടെ കണ്ടുപിടിക്കാൻ കഴിയില്ല.
എന്ത് പ്രഥമശുശ്രൂഷ നൽകണം?
ഇനി കുഞ്ഞുങ്ങൾ ഈ രീതിയിലുള്ള ഏതെങ്കിലും വസ്തുക്കൾ വിഴുങ്ങിയാൽ, അടിയന്തരമായി നൽകേണ്ട പ്രാഥമിക ശുശ്രൂഷയുമുണ്ട്. കുട്ടിയെ മുഖം താഴ്ത്തി മടിയിൽ കിടത്തി നെഞ്ചിനു താഴെയായി പുറത്ത് ശക്തിയായി തട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ ഉളളിലുള്ള വസ്തു പുറത്ത് കണ്ടാൽ, അത് പതുക്കെ പുറത്തെടുക്കാൻ ശ്രമിക്കുക. മൂർച്ചയുള്ള വസ്തുവാണെങ്കിൽ നീക്കം ചെയ്യാൻ ശ്രമിക്കരുത്.
കുട്ടിക്ക് ശ്വസിക്കാൻ പ്രയാസമില്ലെങ്കിൽ, കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ഈ സമയം കുട്ടിയെ വളരെ ശാന്തനാക്കി ഇരുത്തുകയും വേണം.
എന്ത് ചെയ്യാൻ പാടില്ല?
വസ്തു കാണാത്ത പക്ഷം വസ്തു നീക്കം ചെയ്യാൻ വായിൽ വിരൽ വയ്ക്കരുത്.
മൂർച്ചയുള്ള വസ്തുക്കളോ കുടുങ്ങിയതായി തോന്നുന്ന വസ്തുക്കളോ നീക്കം ചെയ്യാൻ ശ്രമിക്കരുത്.
കുട്ടിക്ക് കുടിക്കാനോ കഴിക്കാനോ ദ്രാവകമോ കട്ടിയുള്ള ഭക്ഷണമോ നൽകരുത്. അത് ശ്വാസം മുട്ടിലിനുള്ള ഇടവരുത്തിയേക്കാം.
എന്താണ് ചികിത്സ?
മൂർച്ചയുള്ള വസ്തുക്കളും ബട്ടൺ ബാറ്ററി പോലുള്ള അപകടകരമായ വസ്തുക്കളും ശസ്ത്രക്രിയയിലൂടെയോ എൻഡോസ്കോപ്പി വഴിയോ നീക്കം ചെയ്യാവുന്നതാണ്. അപകടകരമല്ലാത്ത വസ്തുവാണ് വായിൽ കടന്നിട്ടുള്ളതെങ്കിൽ അത് നീക്കം ചെയ്യാവുന്നതുമാണ്. ചിലർക്ക് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്.
എല്ലായ്പ്പോഴും ഓർക്കുക: ‘പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്!‘
ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ
എസ് യു ടി ഹോസ്പിറ്റൽ പട്ടം