29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനം ശ്രദ്ധേയമായ 10 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമാവിഭാഗത്തിൽ ആറും ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ രണ്ടും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ഒന്നും ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്‌മെന്റിനർഹയായ ആൻ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യദിനം പ്രദർശിപ്പിക്കുന്നത്.
ഉദ്ഘാടന ചിത്രമായ വാൾട്ടർ സാൽസിന്റെ ഐ ആം സ്റ്റിൽ ഹിയറിന്റെ പ്രദർശനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കും. മനുഷ്യ ബന്ധങ്ങളുടേയും ചെറുത്തു നിൽപ്പിന്റെയും കഥപറയുന്നതാണു ചിത്രം. 13ന് രാവിലെ 10ന് നിള തിയേറ്ററിൽ ആൻ ഹുയി സംവിധാനം ചെയ്ത ജൂലി റാപ്‌സോഡി പ്രദർശിപ്പിക്കും. ഒരു ഹൈസ്‌ക്കൂൾ ടീച്ചറുടെ ജീവിതത്തിൽ അവിചാരിതമായി വന്നു ചേരുന്ന പ്രതിസന്ധിയാണ് കഥാതന്തു. കൈരളി തിയേറ്ററിൽ രാവിലെ 10ന് നർഗസ് കൽഹോറിന്റെ ഷാഹിദ് പ്രദർശിപ്പിക്കും. രക്തസാക്ഷി എന്നർഥം വരുന്ന വാക്കിനെ തന്റെ പേരിൽ നിന്നും മാറ്റാനാഗ്രഹിക്കുന്ന കഥാനായകനും അതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പശ്ചാത്തലം.
ശ്രീ തിയേറ്ററിൽ രാവിലെ 10.15 ന് ജൂലിയ ഡി സിമോണിന്റെ ഫോർമോസ ബീച്ച് പ്രദർശിപ്പിക്കും. അടിമത്തത്തിനിരയായ മുയൻസ എന്ന പെൺകുട്ടിയുടെ കഥ പറയുന്നതാണു ചിത്രം. ഉച്ചയ്ക്ക് 12.30ന് കൈരളി തിയറ്ററിൽ ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ ഇവ റേഡിവോയവിച്ചിന്റെ ഫോൺ റാംഗ് പ്രദർശിപ്പിക്കും. കുടിയിറക്കലിന്റേയും ആത്മസംഘർഷങ്ങളുടേയും കഥ പറയുന്ന സെർബിയൻ-അമേരിക്കൻ ചിത്രമാണിത്.
കലാഭവൻ തിയേറ്ററിൽ ഉച്ചയ്ക്ക് 12ന് ലാറ്റിനമേരിക്കൻ വിഭാഗത്തിൽ നിന്നുള്ള കാർലോസ് മാരെസ് ഗോൺസാലസിന്റെ അന്നയും ദാന്റെയും പ്രദർശിപ്പിക്കും. മനുഷ്യ ബന്ധങ്ങളിലെ സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനത്തെ ഹൃദയ സ്പർശിയായി ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു.