കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂർ പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്‌കൂളിൽ പുതിയ ഇരുനിലമന്ദിരം പണിയുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതായതോടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് ഇരുനിലകളും ടവർ റൂമും ഉൾപ്പെടെ 492 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറിൽ നാലു ക്ലാസ് മുറികൾ, വാഷ് ഏരിയ, ശുചിമുറികൾ എന്നിവയും ഒന്നാം നിലയിലായി രണ്ട് ക്ലാസ് മുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശുചിമുറികൾ എന്നിവയുമാണ് പ്ലാനിൽ ഉൾപെടുത്തിയിരിക്കുന്നത്. 12 മാസമാണ് നിർമാണ കാലയളവ്.
നഗരസഭാ വാർഡ് കൗൺസിലർ ജിഷ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, ഹെഡ്മിസ്ട്രസ് ഷീബ. ബി.എൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.