തൊടുപുഴയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ(45) വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് മൊഴി നൽകിയിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ പിടിയിലാകുന്നത്. കഴിഞ്ഞ കുറേ കാലമായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘം സ്ഥലത്ത് എത്തുന്ന സമയം അബ്ബാസ് താമസിക്കുന്ന വീട് കാണിക്കുന്നതിനായി ആഷിറയും മകനും ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിനു ശേഷം ആഷിറയും മകനും തിരികെ എറണാകുളത്തെ ആഷിറയുടെ പിതാവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയതോടെ അബ്ബാസിനെ പരിചരിക്കുന്നതിനായി ഭാര്യയും മകനും എത്തി. ഇവിടെവച്ച് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആഷിറയുടെ സഹോദരനടക്കം 7 പേർ ആക്രമണത്തിന് പിന്നിൽ ഉള്ളതായും മറ്റുപ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.