ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസിക പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 75 വര്‍ഷം നീണ്ട സാഹിത്യ പ്രര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുകയാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 2023 നവംബര്‍ 13ന് വൈകിട്ട് 3.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ സ്വാഗതം ആശംസിക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രന്ഥാലോകം മുന്‍ പത്രാധിപന്മാരെ ആദരിക്കലും ഗ്രന്ഥാലോകം പുരസ്‌കാര വിതരണവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. മുന്‍ പത്രാധിപന്മാരായ പിരപ്പന്‍കോട് മുരളി, ജോര്‍ജ് ഓണക്കൂര്‍, ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കാണ് ആദരവ് നല്‍കുന്നത്. എം.പി.മാരായ ശശി തരൂര്‍, ബിനോയ് വിശ്വം എന്നിവര്‍ മുഖ്യാതിഥികളാകും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ. ഹരികുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ പി.കെ.ഗോപന്‍, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എ.പി.ജയന്‍, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം തങ്കം ടീച്ചര്‍, തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബി.പി.മുരളി എന്നിവര്‍ പങ്കെടുക്കും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിറ്റീഷ്യ ഫ്രാന്‍സിസ് നന്ദി രേഖപ്പെടുത്തും.
ഇതോടനുബന്ധിച്ച് രാവിലെ 11ന് ആരംഭിക്കുന്ന മാധ്യമ സെമിനാര്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എം.പി. അധ്യക്ഷനാകും. ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ. പനയാല്‍ സ്വാഗതം പറയും.  സെമിനാറില്‍ ധന്യ രാജേന്ദ്രന്‍, ഡോ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി നന്ദിയും പറയും.
ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ ലിറ്റററി ഫെസ്റ്റും കോഴിക്കോട് ദേശീയ സാഹിത്യോത്സവവും സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്നുണ്ട്.

ഗ്രന്ഥാലോകത്തിന്റെ ചരിത്രം
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷമാണ് ഗ്രന്ഥാലോകത്തിന്റെ ആദ്യലക്കം അച്ചടിച്ചത്. ഗാന്ധിയുടെ ചിത്രമായിരുന്നു ആദ്യ ഗ്രന്ഥാലോകത്തിന്റെ മുഖചിത്രമായി വന്നത്. സിനിമാ താരങ്ങളുടെ മുഖച്ചിത്രമില്ലാതെ പുറത്തിറങ്ങിയ മാസിക പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1948 ആഗസ്റ്റ് സെപ്തംബറിലായിരുന്നു ഇത്. ദ്വൈമാസികയായിട്ടായിരുന്നു തുടക്കം. പ്രൊഫ.എന്‍. കൃഷ്ണപിള്ള, ഡോ.കെ. ഭാസ്‌കരന്‍ നായര്‍, കൈനിക്കര കുമാരപിള്ള, വക്കം അബ്ദുള്‍ ഖാദര്‍, കെ.കെ. വാധ്യാര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ ആദ്യലക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വള്ളത്തോള്‍, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ് എന്നിവരുടെ കവിതകളും ആ ലക്കത്തില്‍ ഉണ്ടായിരുന്നു. ആദ്യലക്കം മുതല്‍തന്നെ ഗ്രന്ഥാലോകത്തിന്റെ സാഹിത്യ ഗുണവും സാംസ്‌കാരിക ലക്ഷ്യവും മലയാളിയുടെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു.

മലയാള സാഹിത്യത്തിന്റെ വിവിധ മേഖലയകളില്‍ ശ്രദ്ധേയരായിരുന്ന പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍, സി. നാരായണപിള്ള, പന്മന രാമചന്ദ്രന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, തായാട്ട് ശങ്കരന്‍, ജോര്‍ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, പാലക്കീഴ് നാരായണന്‍, എസ്. രമേശന്‍, ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍, പി.വി.കെ. പനയാല്‍ തുടങ്ങിയവര്‍ വിവിധകാലങ്ങളില്‍ ഗ്രന്ഥാലോകത്തിന്റെ പത്രാധിപന്മാരായും സഹപത്രാധിപന്മാരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്രന്ഥശാലകളെയാകെ കണ്ണിചേര്‍ക്കുകയും മലയാളിയുടെ വായനയെ പുതിയ തലങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥാലോകം പിറക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സ്വന്തമായി ഒരു പ്രസിദ്ധീകരണം എന്ന ആശയം മുന്നോട്ടുവച്ചത് ചെങ്കുളത്ത് ചെറിയകുഞ്ഞിരാമ മേനോന്‍ ആയിരുന്നു. 1931ല്‍ തൃശൂരില്‍ ചേര്‍ന്ന സമസ്ത കേരള പുസ്തകാലയ സമിതിയില്‍ ഇക്കാര്യം അദ്ദേഹം മുന്നോട്ടുവച്ചു. അങ്ങനെയാണ് ‘ഗ്രന്ഥവിഹാരം’ എന്ന ത്രൈമാസിക തുടങ്ങുന്നത്. എന്നാല്‍ ഈ പ്രസിദ്ധീകരണത്തിന് അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. മലബാര്‍ വായനശാലാ സംഘം, കേരള ഗ്രന്ഥാലയ സംഘം എന്നീ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചെങ്കിലും അധികകാലം മുന്നോട്ടുപോയില്ല. 1945ല്‍ അമ്പലപ്പുഴയില്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ ആരംഭിച്ച അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം ഈ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. അതിന്റെ നേതൃത്വത്തിലാണ് ഗ്രന്ഥാലോകം ആരംഭിക്കുന്നത്.

‘സഹൃദയ’ എന്ന പേരില്‍ ദ്വൈമാസിക തുടങ്ങുന്നതിന് അപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ സഹൃദയ എന്ന പേരില്‍ ഒരു മാസിക പുറത്തിറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഗ്രന്ഥാലോകം എന്ന പേര് എസ്. ഗുപ്തന്‍ നായര്‍ നിര്‍ദേശിച്ചു. മാസികയുടെ കണ്‍വീനര്‍ പി.എന്‍. പണിക്കരും മാസികയ്ക്ക് പേര് നിര്‍ദേശിച്ച പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ മാസികയുടെ ആദ്യത്തെ എഡിറ്ററുമായി. ‘ആലോകം’ എന്നാല്‍, നോട്ടം, കാഴ്ച, വീക്ഷണം, പ്രകാശം എന്നെല്ലാം അര്‍ഥമുണ്ട്. 1949 ല്‍ തിരു-കൊച്ചി സംയോജനത്തോടെ സംഘം അഖില തിരു കൊച്ചി ഗ്രന്ഥശാലാ സംഘമായി. ഇതോടെ ഗ്രന്ഥാലോകം ദ്വൈമാസികത്തില്‍നിന്ന് മാസികയായി.

പല കാലങ്ങളിലൂടെ പല പ്രഗല്‍ഭരിലൂടെയാണ് ഗ്രന്ഥാലോകം മാസികയുടെ വളര്‍ച്ച. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഔദ്യോഗി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 1994 മാര്‍ച്ച് 29 ന് നടന്നു. കടമ്മനിട്ട രാമകൃഷ്ണന്‍ പ്രസിഡന്റും ഐ.വി. ദാസ് സെക്രട്ടറിയുമായി. പിരപ്പന്‍കോട് മുരളിയായിരുന്നു ഗ്രന്ഥാലോകത്തിന്റെ ചീഫ് എഡിറ്റര്‍. ഗ്രന്ഥാലോകം ഉള്ളടക്കത്തിലും രൂപത്തിലും സമഗ്രമായ മാറ്റമുണ്ടായത് അതിനുശേഷമാണ്. ഓഫ്‌സെറ്റിലേക്ക് അച്ചടി മാറിയും അതിനു ശേഷമായിരുന്നു. 75 വര്‍ഷത്തിനിടയില്‍ മലയാളത്തിന്റെ അക്ഷര സൗഭാഗ്യങ്ങളായ എഴുത്തുകാരുടെയെല്ലാം എഴുത്തരങ്ങായിമാറാന്‍ ഗ്രന്ഥാലോകത്തിന് കഴിഞ്ഞു. മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ മുക്കാല്‍ ലക്ഷം കോപ്പികളുമായി കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഗ്രന്ഥശാലകളിലും വായക്കാരിലും ഗ്രന്ഥാലോകം മാസിക ഇന്നെത്തുന്നുണ്ട്.

വായനയ്ക്ക് രൂപമാറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഗ്രന്ഥാലോകത്തിന്റെ സഞ്ചാരം. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും വായന സാധ്യമാക്കുന്നതിനായി ഇ വായനയ്ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഗ്രന്ഥാലോകം ലഭ്യമാണ്. ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിക്കുന്ന കഥകളും കവിതകളും യുടൂബിലൂടെ എഴുത്തുകാരുടെ ശബ്ദത്തില്‍തന്നെ കേള്‍ക്കാനുള്ള അവസരവുമുണ്ട്.

error: Content is protected !!