തിരുവനന്തപുരം: കനകക്കുന്നിൽ നടക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യമായി കേരള പോലീസിന്റെ സ്നിഫർ നായയായ ലക്കി. ബീഗിൾ ഇനത്തിൽപ്പെട്ട ആറ് വയസുകാരനായ ലക്കി, കേരള പോലീസ് ഡോഗ് സ്ക്വാഡിലെ മികവുറ്റ താരമാണ്.
ഓണാഘോഷ നഗരിയിലെ സുരക്ഷാ പരിശോധനകളിലാണ് ലക്കി പ്രധാനമായും പങ്കെടുക്കുന്നത്. ബോംബ് സസ്‌പെക്ട് സെർച്ച് ഉൾപ്പെടെയുള്ള പരിശോധനകളിൽ ലക്കിയുടെ പ്രത്യേക പരിശീലനം പ്രയോജനപ്പെടുത്തുന്നുണ്ട്. തിരക്കേറിയ ഓണാഘോഷ വേദികളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ലക്കിയുടെ സാന്നിധ്യം പോലീസിന് ഏറെ സഹായകരമാണ്.
മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖരുടെ സുരക്ഷാ ഡ്യൂട്ടികളിലും ലക്കി മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ഔദ്യോഗിക സുരക്ഷാ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ലക്കിക്ക് ഇതിനോടകം നിരവധി ഔദ്യോഗിക ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടാണ് ബീഗിൾ ഇനത്തിന്റെ ജന്മദേശം. മികച്ച ഗന്ധശേഷിയുള്ള scent hound വിഭാഗത്തിൽപ്പെടുന്ന ബീഗിൾ നായകളെ വിവിധ tracking, detection ജോലികൾക്ക് ഉപയോഗിക്കാറുണ്ട്.
തിരുവനന്തപുരം സിറ്റി ഡോഗ് സ്ക്വാഡിലെ സിവിൽ പോലീസ് ഓഫീസർമാരായ ശങ്കറും രതീഷുമാണ് ലക്കിയുടെ പരിശീലകരും പരിപാലകരും. പരിശീലകരുടെ നേതൃത്വത്തിൽ കൃത്യമായ പരിശീലനം നേടിയ ലക്കി, ഓണാഘോഷ വേദിയിലെ സുരക്ഷാ പരിശോധനകളിൽ സജീവമായി പ്രവർത്തിക്കുകയാണ്.
ഓണാഘോഷത്തിന്റെ നിറപ്പകിട്ടിനൊപ്പം കനകക്കുന്നിലെ സുരക്ഷാ സംവിധാനങ്ങളിലും ലക്കി ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്.













