തിരുവനന്തപുരം: പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. All Kerala Driver Rank Holders Coordination Committeeയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (OA) റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ നിയമനം വേഗത്തിലാക്കണമെന്നും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റുകൾ നിലവിലിരിക്കെ നിയമനം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമാണ് ഉദ്യോഗാർഥികള്‍ അഭിപ്രായപ്പെടുന്നത്.
നിയമനത്തിന് തടസ്സമാകുന്ന P&ARD-ലെ 19/03/2024 ലെ 3/20/2024 നമ്പർ വിവാദ സർക്കുലർ പിൻവലിക്കണം എന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. സർക്കാർ വാഹനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാരെ മാറ്റി പി.എസ്.സി മുഖേന സ്ഥിരമായ നിയമനം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവർ തസ്തികകളിൽ പ്രത്യേക നോട്ട്‌ഫിക്കേഷൻ ഇറക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിന് പകരം പുതിയ രീതിയിൽ ഒഴിവുകൾ നികത്താനുള്ള നടപടികൾ ഉദ്യോഗാർഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് അവരുടെ ആരോപണം.
നീതി നിഷേധിക്കപ്പെട്ട ഉദ്യോഗാർഥികളുടെ സമരം ശക്തമാക്കുമെന്നും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും All Kerala Driver Rank Holders Coordination Committee അറിയിച്ചു.















